കൊച്ചി: മോഹന്‍ ബഗാനില്‍ നിന്ന് മധ്യനിരതാരം ഡാരന്‍ കാല്‍ഡെയ്‌റയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ ബഗാനായി 13 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും നേടിയിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടില്ല കാല്‍ഡെയ്‌റ ഐഎസ്എല്‍ കളിക്കുന്നത്. 2017 സീസണില്‍ എടികെയ്ക്കും വേണ്ടിയും കാല്‍ഡെയ്‌റ കളിച്ചിരുന്നു. 

31കാരനായ കാല്‍ഡെയ്‌റ 2013 മുതല്‍ 15വരെ ബംഗളൂരു എഫ്‌സിയുടെ താരമായിരുന്നു. ബംഗളൂരുവിനെ കൂടാതെ എയര്‍ ഇന്ത്യ, മുംബൈ ഫുട്‌ബോള്‍ ക്ലബ്ബ്, ചെന്നൈ സിറ്റി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. മഹീന്ദ്ര യുണൈറ്റഡിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സ്പാനിഷ് ക്ലബ്ബ് വലന്‍സിയക്കൊപ്പം അണ്ടര്‍ 18കളിക്കാര്‍ക്കായുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിലും പങ്കെടുത്തു. 

'ഈ സീസണില്‍ മഞ്ഞ ജഴ്സി ധരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.  ഒരു സമര്‍ത്ഥനായ പരിശീലകനോടും പുതിയൊരു കൂട്ടം കളിക്കാരോടും ഒപ്പം  വ്യക്തമായ ലക്ഷ്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ഒരു ക്ലബിന്റെ ഭാഗമാകാനുള്ള ഏറ്റവും മികച്ച സമയമാണിത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം എന്റെ ഫുട്‌ബോള്‍ കരിയറിലെ ഒരു പുതിയ അധ്യായം കുറിക്കുകയാണ്. ആരാധകരും  ക്ലബ്ബും ഒരു നല്ല സീസണ്‍ അര്‍ഹിക്കുന്നു. അത് സാക്ഷാത്കരിക്കാന്‍  മികച്ച കളിയിലൂടെ എന്റെ പങ്ക് വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' കാല്‍ഡെയ്റ പറഞ്ഞു. 

മിഡ് ഫീല്‍ഡില്‍ ഉടനീളം കളിക്കാന്‍ കഴിയുന്ന വളരെ  സ്ഥിരതയുള്ള കളിക്കാരനാണ് കാല്‍ഡെയ്‌റയെന്ന് കോച്ച് ഈല്‍കോ ഷട്ടോരി വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''ഒന്നിലധികം സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലുള്ള ഒരു ഓള്‍റൗണ്ടര്‍ ടീമിലെത്തിയതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും ടീമിന് ഗുണം ചെയ്യും. കാല്‍ഡെയ്റയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.'' ഷട്ടോരി പറഞ്ഞുനിര്‍ത്തി.