Asianet News MalayalamAsianet News Malayalam

പോര്‍ച്ചുഗല്‍ പടിക്ക് പുറത്താക്കിയ ഫെർണാണ്ടോ സാന്‍റോസ് ഇനി പോളണ്ടില്‍

2014 മുതൽ പോർച്ചുഗൽ പരിശീലകനായിരുന്ന സാന്‍റോസിന് കീഴിൽ ക്രിസ്റ്റ്യാനോയും സംഘവും 2016ൽ യൂറോ കപ്പും 2018-19ല്‍ നേഷന്‍സ് ലീഗും നേടിയിരുന്നു

Former Portugal boss Fernando Santos Poland football Team new Head Coach
Author
First Published Jan 24, 2023, 6:54 PM IST

വാഴ്‌സ: ഖത്തർ ഫുട്ബോള്‍ ലോകകപ്പിന് ശേഷം പോർച്ചുഗൽ പുറത്താക്കിയ ഫെർണാണ്ടോ സാന്‍റോസ് പോളണ്ടിന്‍റെ പരിശീലകനാവും. 2026 വരെ ആയിരിക്കും സാന്‍റോസിന്‍റെ കരാർ. ലോകകപ്പിൽ സാന്‍റോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. മൊറോക്കോയ്‌ക്കെതിരെ റോണോയെ വൈകി ഇറക്കിയതിനെ ചോദ്യം ചെയ്‌ത് ഇതിഹാസ താരം ലൂയിസ് ഫിഗോ അടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. 2024 യൂറോ കപ്പ് വരെ കരാർ കാലാവധി ഉണ്ടായിരുന്നെങ്കിലും ഖത്തറിലെ തോല്‍വിയോടെ സാന്‍റോസ് പുറത്താവുകയായിരുന്നു. 

2014 മുതൽ പോർച്ചുഗൽ പരിശീലകനായിരുന്ന സാന്‍റോസിന് കീഴിൽ ക്രിസ്റ്റ്യാനോയും സംഘവും 2016ൽ യൂറോ കപ്പും 2018-19ല്‍ നേഷന്‍സ് ലീഗും നേടിയിരുന്നു. ലോകകപ്പില്‍ മൊറോക്കോയ്‌ക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്ക് പിന്നാലെയാണ് സാന്‍റോസിന്‍റെ കസേര തെറിച്ചത്. ഖത്തറില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് മൊറോക്കോയോട് തോറ്റ് പുറത്താവുകയായിരുന്നു. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലായിരുന്നു മൊറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല.

ബെൽജിയത്തിന്‍റെ കോച്ചായിരുന്ന റോബർട്ടോ മാർട്ടിനസാണ് പോർച്ചുഗലിന്‍റെ പുതിയ പരിശീലകൻ. ആറ് വര്‍ഷം ബെല്‍ജിയം ടീമിനെ പരിശീലിപ്പിച്ച മാര്‍ട്ടിനസ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ പടിയിറങ്ങിയിരുന്നു. നാല്‍പത്തിയൊമ്പതുകാരനായ റോബര്‍ട്ടോ മാര്‍ട്ടിനസ് ബെല്‍ജിയം ദേശീയ ടീമിന് പുറമെ ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2016 മുതല്‍ ബെല്‍ജിയം ടീമിനെ പരിശീലിപ്പിച്ച റോബര്‍ട്ടോ മാര്‍ട്ടിനസ് അവരെ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിച്ച പരിശീലകനാണ്. 

ആശാന് പണി കിട്ടി; റൊണാൾഡോയെ ബെഞ്ചിലിരുത്തിയ സാന്‍റോസ് പുറത്ത്

Follow Us:
Download App:
  • android
  • ios