Asianet News MalayalamAsianet News Malayalam

ഹംഗറി കുഞ്ഞന്‍ ടീമല്ല! ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചുകെട്ടി

ആദ്യ മത്സരത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സിനെ അതേ മികവ് പുറത്തെടുക്കാന്‍ ഹംഗറി സമ്മതിച്ചില്ല. ആദ്യ പകുതിയില്‍ അറ്റില ഫിയോള ഹംഗറിയെ മുന്നിലെത്തിച്ചു.

France drew with Hungary in Euro
Author
Budapest, First Published Jun 19, 2021, 9:14 PM IST

ബുദപെസ്റ്റ്: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഹംഗറി. ഇരുവരും ഓരോ ഗോള്‍ വീതമാണ് നേടിയത്. ആദ്യ മത്സരത്തില്‍ ജര്‍മനിയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സിനെ അതേ മികവ് പുറത്തെടുക്കാന്‍ ഹംഗറി സമ്മതിച്ചില്ല. ആദ്യ പകുതിയില്‍ അറ്റില ഫിയോള ഹംഗറിയെ മുന്നിലെത്തിച്ചു. 66-ാം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് സമനില ഗോള്‍ നേടി.

മത്സരത്തിന്റെ 14-ാം മിനിറ്റിലാണ് ഫ്രാന്‍സ് ആദ്യമായി ഹംഗറിയുടെ ഗോള്‍ കീപ്പര്‍ പീറ്റര്‍ ഗുലാസിയെ പരീക്ഷിച്ചത്. കെയ്‌ലിയന്‍ എംബാപ്പെയില്‍ നിന്ന് പന്ത് വാങ്ങിയ കരീം ബെന്‍സേമ ബോക്‌സിന് പുറത്ത് നിന്ന് ഷോട്ടുതിര്‍ത്തു. നിലംപറ്റെയുള്ള ബെന്‍സേമയുടെ ഷോട്ട് ഗുലാസി ഒരു മുഴുനീളെ ഡൈവിംഗിലൂടെ തട്ടിയകറ്റി. പന്ത് നേരെ അന്റോയ്ന്‍ ഗ്രീസ്മാന്റെ കാലുകളിലേക്ക് ബാഴ്‌സലോണ താരം ഗോള്‍വര കടത്താന്‍ ശ്രമിച്ചെങ്കിലും ഗുലാസി വീണ്ടും രക്ഷകനായി. 17-ാം മിനിറ്റില്‍ ലൂകാസ് ഡിഗ്നെയുടെ ക്രോസില്‍ എംബാപ്പെയുടെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി. 31-ാം മിനിറ്റില്‍ ബെന്‍സേമയുടെ വോളിയും പുറത്തേക്ക് പോയി. 

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഫ്രഞ്ച് പടയെ ഞെട്ടിച്ച് ഹംഗറി ഗോള്‍ നേടി. മത്സരത്തിന്റെ ഗതിക്ക് വിപരീതമായ ഗോള്‍. ഫ്രഞ്ച് പ്രതിരോധതാരം ബെഞ്ചമിന്‍ പവാര്‍ഡിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പവാര്‍ഡ് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഹംഗറി താരം റോളണ്ട് സല്ലൈയുടെ കാലിലേക്കാണ് പോയത്. സല്ലൈ അറ്റില ഫിയോളയ്ക്ക് മറിച്ച് നല്‍കി. പ്രതിരോധം വളയും മുമ്പ് താരം പന്ത് ഗോള്‍വര കടത്തി. വൈകാതെ ആദ്യ പകുതി അവസാനിച്ചു. 

59-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബേലയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. എന്നാല്‍ 66-ാം മിനിറ്റില്‍ ഗ്രീസ്മാനിലൂടെ ഫ്രാന്‍സ് ഒപ്പമെത്തി. 69-ാം മിനിറ്റില്‍ ലീഡുയര്‍ത്താനുള്ള അവസരം എംബാപ്പെ നഷ്ടമാക്കി. അവസാനങ്ങളില്‍ ഒളിവര്‍ ജിറൂദ് ഒരവസരം എംബാപ്പെയ്ക്ക് ഒരുക്കി കൊടുത്തെങ്കിലും മുതലാക്കാനായില്ല. 

രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി ഒന്നാമത് തുടരുകയാണ് ഫ്രാന്‍സ്. ഹംഗറി ഒരു പോയിന്റുമായി മൂന്നാമതാണ്. മൂന്ന് പോയിന്റുള്ള പോര്‍ച്ചുഗല്‍ രണ്ടാമതാണ്. ജര്‍മനിയാണ് നാലാം സ്ഥാനത്ത്.

Follow Us:
Download App:
  • android
  • ios