മാഡ്രിഡ്: ചൈനീസ് ഫുട്ബോള്‍ ലീഗിലേക്ക് മാറാനുള്ള ഗാരെത് ബെയ്‍‍ലിന്‍റെ നീക്കത്തിന് തടയിട്ട് റയൽ മാഡ്രിഡ്. ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് ആയ ജിയാങ്സു സുനിങിന് ബെയ്‍‍ലിനെ കൈമാറാന്‍ കഴിയില്ലെന്ന് റയല്‍ മാഡ്രിഡ് വ്യക്തമാക്കി. ബെയ്‍‍ലിനായി ചൈനീസ് ക്ലബ് മുന്നോട്ടുവച്ച തുക കുറവാണെന്ന് റയൽ മാഡ്രിഡിന്‍റെ ബോര്‍ഡ് യോഗം വിലയിരുത്തി.

ആഴ്‌ചയിൽ എട്ടര കോടി രൂപയാണ് ബെയ്‍‍ലിന് വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം. ബെയ്‍‍ലിനെ ഒഴിവാക്കുമ്പോള്‍ കിട്ടുന്ന പണത്തിലൂടെ പോള്‍ പോഗ്‌ബയെ സ്വന്തമാക്കാന്‍ റയലിന് കഴിയുമെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു. ചൈനീസ് ലീഗിലെ താരക്കൈമാറ്റത്തിനുള്ള സമയപരിധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് റയലിന്‍റെ തീരുമാനം. ഇതോടെ പരിശീലകന്‍ സിദാന് അനഭിമതനായിട്ടും റയലില്‍ തുടരേണ്ട ഗതികേടിലായി സൂപ്പര്‍താരം. 

ബെയ്‍‍ൽ ക്ലബ് വിടുന്നതാണ് നല്ലതെന്ന് സിദാന്‍ കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു. 2013ൽ അന്നത്തെ ലോക റെക്കോര്‍ഡ് തുകയ്ക്കാണ് ബെയ്ൽ ടോട്ടനത്തിൽ നിന്ന് റയലിലെത്തിയത്.