മാഡ്രിഡ്: സ്‌പാനിഷ് ക്ലബായ റയൽ മാഡ്രിഡ് ഒഴിവാക്കും എന്നുറപ്പായതോടെ ഗാരെത് ബെയ്ൽനായി ചൈനീസ് ക്ലബുകൾ രംഗത്തെത്തി. ജിയാംഗ്സു സൂനിംഗ്, ഷാംഗ്ഹായ് ഷെൻഹുവ എന്നീ ക്ലബുകളാണ് ബെയ്ൽനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. പ്രീ സീസൺ മത്സരത്തിൽ യുവതാരങ്ങളെ കളിപ്പിച്ചിട്ടും സിദാൻ ബെയ്ൽന് അവസരം നൽകിയിരുന്നില്ല. ഉടൻ ടീം വിടുമെന്ന് ബെയ്ൽ പരസ്യമായി പറയുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് ചൈനീസ് ക്ലബുകൾ രംഗത്തെത്തിയിരിക്കുന്നത്. റയലിൽ 17 ദശലക്ഷം യൂറോയാണ് ബെയ്ൽന്റെ വാർഷിക പ്രതിഫലം. ഇതിനേക്കാൾ ഉയർന്ന തുകയാണ് ഷാംഗ്ഹായ് ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ പഴയ ക്ലബായ ടോട്ടനത്തിലേക്ക് മടങ്ങാനാണ് ബെയ്ൽ ആഗ്രഹിക്കുന്നത്. ടോട്ടനം ഇതുവരെ ബെയ്ൽനെ സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.