ഫിഫ ഫോർവേഡ് എന്‍റർപ്രൈസ് എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ നീക്കം. ലോകകപ്പിന്‍റെ പ്രക്ഷേപണ അവകാശം, സ്‌പോൺസർഷിപ്പ്, ടിക്കറ്റിംഗ്, ലൈസൻസിംഗ് തുടങ്ങിയ എല്ലാ വാണിജ്യ കാര്യങ്ങളും ഈ കമ്പനിയാകും നിയന്ത്രിക്കുക.
സൂറിച്ച്: ലോകകപ്പ് ഫുട്ബോൾ ഉൾപ്പെടെയുള്ള വലിയ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളർ((ഏകദേശം 1.67 ലക്ഷം കോടി രൂപ) മൂല്യമുള്ള പുതിയ കമ്പനി രൂപീകരിക്കാനും, ഇതിന്‍റെ ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുമുള്ള അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്‍റെ (ഫിഫ) തീരുമാനത്തിനെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ. ഫുട്ബോളിന്‍റെ ആത്മാവിനെ തന്നെ കച്ചവടം ചെയ്യാനാണ് ഫിഫ ശ്രമിക്കുന്നതെന്ന് ആരോപിച്ച യുവേഫ, കളിയുടെ ഭരണസ്ഥാപനങ്ങൾ ഒരിക്കലും കടക്കാൻ പാടില്ലാത്ത അതിർവരമ്പാണ് ഫിഫ ലംഘിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഫിഫ ഫോർവേഡ് എന്‍റർപ്രൈസ് എന്ന പേരിൽ പുതിയ ഉപകമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ നീക്കം. ലോകകപ്പിന്‍റെ പ്രക്ഷേപണ അവകാശം, സ്‌പോൺസർഷിപ്പ്, ടിക്കറ്റിംഗ്, ലൈസൻസിംഗ് തുടങ്ങിയ എല്ലാ വാണിജ്യ കാര്യങ്ങളും ഈ കമ്പനിയാകും നിയന്ത്രിക്കുക. ഭൂരിപക്ഷം ഓഹരികളും ഫിഫയുടെ കൈവശം തന്നെ നിലനിർത്തുമെങ്കിലും, സ്വകാര്യ നിക്ഷേപകർക്ക് ഓഹരികൾ വിൽക്കുന്നതിലൂടെ 4.2 ബില്യൺ ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകനായ ജാറെദ് കുഷ്നറുടെ സഹോദരൻ ജോഷ്വ കുഷ്നർ നയിക്കുന്ന നിക്ഷേപ ഗ്രൂപ്പാണ് ഇതിലെ പ്രധാന പങ്കാളികളാകാൻ തയ്യാറെടുക്കുന്നത്. ഈ നീക്കത്തിനെതിരെ കടുത്ത ഭാഷയിലാണ് യുവേഫ പ്രതികരിച്ചത്.
ഫുട്ബോളിന്‍റെ ആത്മാവും ഭരണവും കച്ചവടത്തിനുള്ള സ്വത്തുക്കളല്ല. പ്രത്യേകിച്ച് ഇതിലൂടെ ആർക്കാണ് സാമ്പത്തിക ലാഭം ലഭിക്കുന്നതെന്ന കാര്യത്തിൽ യാതൊരു സുതാര്യതയുമില്ലാത്ത സാഹചര്യത്തിൽ. നമ്മളാരും ഫുട്ബോളിന്‍റെ ഉടമസ്ഥരല്ല. അത് വിൽക്കാൻ ഫിഫയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് യുവേഫ പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതിയുമായി ഫിഫ മുന്നോട്ടുപോയാല്‍ ലോകകപ്പ് ബഹിഷ്കരിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളുമായി യുവേഫ രംഗത്തുവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിഫയിൽ അംഗങ്ങളായ 211 ദേശീയ ഫുട്ബോൾ അസോസിയേഷനുകളുടെ അനുമതി ലഭിച്ചാൽ മാത്രമേ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകൂ.
അതേസമയം, കളിയുടെ സമഗ്ര വികസനത്തിനാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നതെന്നാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫന്‍റിനോയുടെ വാദം. ലോകത്തിലെ ഏറ്റവും ജനപ്രിയ കായികവിനോദമാണ് ഫുട്ബോൾ. ആ ജനപ്രീതിയെ വലിയ വാണിജ്യ മൂല്യമാക്കി മാറ്റാൻ ചില മേഖലകൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ലോകത്തിന്‍റെ എല്ലാ കോണുകളിലും കളിയുടെ വികസനം ഉറപ്പാക്കുകയാണ് ഫിഫയുടെ ഉത്തരവാദിത്തമെന്ന് ഇൻഫാന്‍റിനോ പറഞ്ഞു. മത്സരങ്ങളുടെ രീതി, കലണ്ടർ, ഫുട്ബോൾ നിയമങ്ങൾ, കായികപരമായ മറ്റ് തീരുമാനങ്ങൾ എന്നിവയിലെ സർവ്വാധികാരവും ഫിഫയിൽ തന്നെ ഭദ്രമായിരിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, സ്വകാര്യ നിക്ഷേപകർ കടന്നുവരുന്നതോടെ ലോകകപ്പിന്‍റെ ഷെഡ്യൂളിലും മറ്റ് മുൻഗണനകളിലും വാണിജ്യപരമായ സമ്മർദ്ദങ്ങൾ ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രമുഖ താരങ്ങളും ആരാധകരുമെല്ലാം.
