കൊച്ചി: കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ജിസിഡിഎ കേരള ബ്ലാസ്റ്റേഴ്സുമായി ചര്‍ച്ച നടത്തി. എന്നാല്‍ പ്രാഥമിക ചര്‍ച്ച മാത്രമാണ് നടന്നത്. ഈ മാസം അവസാനം വീണ്ടും ചര്‍ച്ച നടത്തും. ബ്ലാസ്റ്റേഴ്സിന്‍റെയും കെസിഎയുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൊച്ചിയില്‍  ഫുട്ബോളിനൊപ്പം ക്രിക്കറ്റും നടത്താൻ അനുമതി ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം ജിസിഡിഎയ്ക്ക് കത്ത് നല്‍കിയിരുന്നു. 

ഇതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ കേരളത്തിലുള്ള പ്രതിനിധികളെ ജിസിഡിഎ ചെയര്‍മാൻ വി. സലീം വിളിച്ചുവരുത്തിയത്. സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥരുടെ നിലപാട് വ്യക്തമായശേഷം വിശദമായ മറുപടി നല്‍കാമെന്നാണ് ഇവര്‍ ജിസിഡിഎയെ അറിയിച്ചത്. മറുപടി വൈകരുതെന്ന് ജിസിഡിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫുട്ബോളിനൊപ്പം ക്രിക്കറ്റുകൂടി നടക്കണമെന്നാണ് ജിസിഡിഎയുടെ ആഗ്രഹം.

കൊച്ചി സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ ജിസിഡിഎയും കെസിഎയും തമ്മില്‍ 30 വര്‍ഷത്തെ കരാര്‍ നിലവിലുണ്ട്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ക്ക് നീങ്ങാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനം.