യൂറോ കപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ജോക്വിം ലോയുടെ പിന്‍ഗാമിയായി പരിശീലക ചുമതലയേറ്റെടുത്ത ഹന്‍സി ഫ്ലിക്കിന് കീഴില്‍ ജര്‍മനിയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 20-ാം തവണയാണ് ജര്‍മ്മനി ലോകകപ്പിന് യോഗ്യത നേടുന്നത്. 21 ലോകകപ്പ് കളിച്ച ബ്രസീല്‍ മാത്രമാണ് മുന്നിൽ.

മ്യൂണിക്: ഖത്തർ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി മുന്‍ ചാമ്പ്യന്‍മാരായ ജർമനി. നോർ‍ത്ത് മാസിഡോണിയയെ എതിരില്ലാത്ത നാലുഗോളിന് തകർ‍ത്താണ് ജർമനി ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ജര്‍മനിക്കായി ടിമോ വെ‍ർണർ രണ്ടും കായ് ഹാവെർട്സ്, ജമാൽ മുസിയേല എന്നിവ‍ർ ഓരോ ഗോൾ വീതവും നേടി.

നേരത്തെ ആദ്യ പാദത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നോര്‍ത്ത് മാസിഡോണിയക്കെതിരെ 2-1ന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിനുള്ള മധുരപ്രതികാരം കൂടിയായി ജര്‍മനിയുടെ ജയം. ജയത്തോടെ ഗ്രൂപ്പ് ജെ യില്‍ എട്ടു പോയന്‍റ് ലീഡുമായി ജര്‍മനി ഒന്നാം സ്ഥാനം ഉറപ്പിച്ചു.

യൂറോ കപ്പിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ജോക്വിം ലോയുടെ പിന്‍ഗാമിയായി പരിശീലക ചുമതലയേറ്റെടുത്ത ഹന്‍സി ഫ്ലിക്കിന് കീഴില്‍ ജര്‍മനിയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 20-ാം തവണയാണ് ജര്‍മ്മനി ലോകകപ്പിന് യോഗ്യത നേടുന്നത്. 21 ലോകകപ്പ് കളിച്ച ബ്രസീല്‍ മാത്രമാണ് മുന്നിൽ.

ആദ്യ പകുതിയില്‍ ടിമോ വെര്‍ണറും ജോഷ്വാ കിമ്മിച്ചും നിരവധി ഗോളവസരങ്ങള്‍ നഷ്ടമാക്കിയശേഷമായിരുന്നു ജര്‍മനി ജയിച്ചു കയറിയത്. മാസിഡോണിയന്‍ ഗോള്‍ കീപ്പര്‍ സ്റ്റോളെ ദിമിത്രിയോവ്സ്കിയുടെ മിന്നും സേവുകളും ആദ്യപകുതിയില്‍ ഗോളടിക്കുന്നതില്‍ നിന്ന് ജര്‍മനിയെ തടഞ്ഞു. എന്നാല്‍ ഇടവേളക്കുശേഷം ഹാവെര്‍ട്സിലൂടെ ജര്‍മനി ഗോളടി ആരംഭിച്ചു.

ജര്‍മനി കുപ്പായത്തില്‍ തന്‍റെ ആദ്യ ഗോള്‍ നേടിയ ജമാൽ മുസിയേല 1910നുശേഷം ജര്‍മനിക്കായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 18 വയസും 227 ദിവസവും മാത്രമാണ് ജമാൽ മുസിയേലയുടെ പ്രായം.