മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ ഫൈനൽ ഗോവയിൽ നടക്കും. മാര്‍ച്ച് 14-ന് ഫത്തോഡ സ്റ്റേഡിയത്തിലാകും കിരീടപ്പോരാട്ടം. രണ്ടാം തവണയാണ് ഗോവയിൽ ഫൈനൽ നടക്കുന്നത്. 2015ലെ ഫൈനൽ ഗോവയിലായിരുന്നു. അന്ന് ഗോവയെ തോൽപിച്ച് ചെന്നൈയിൻ എഫ്‌‌സി ചാമ്പ്യൻമാരായി. 

Read more: സീസണിലെ അവസാന മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങി

ഇത്തവണയും ഗോവയും ചെന്നൈയിനും സെമിഫൈനലിൽ കടന്നിട്ടുണ്ട്. എടികെയും നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരുവുമാണ് സെമിയിലെത്തിയ മറ്റ് ടീമുകൾ. പ്ലേ ഓഫിലെത്തിയ ടീമുകളിൽ ഗോവ മാത്രമാണ് ഇതുവരെ ചാമ്പ്യൻമാരാവാത്ത ടീം. സെമി ഫൈനലിലെ ആദ്യപാദ മത്സരങ്ങള്‍ ഫെബ്രുവരി 29-നും മാര്‍ച്ച് ഒന്നിനും നടക്കും. രണ്ടാം പാദ മത്സരം മാര്‍ച്ച് ഏഴിനും എട്ടിനുമാണ് നടക്കുക.

ഗോളടിയില്‍ മുന്നില്‍ ഒഗ്‌ബെചേ

ഒഡീഷയ്‌ക്കെതിരായ ഇരട്ടഗോളോടെ ടോപ് സ്‌കോറർമാരുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ ബാർത്തലോമിയോ ഒഗ്‌ബെചേ ഒന്നാമതെത്തി. പതിനെട്ട് കളിയിൽ ഒഗ്‌ബചേയ്‌ക്ക് പതിനഞ്ച് ഗോളായി. 14 ഗോൾ വീതം നേടിയ ഗോവയുടെ ഫെറാൻ കോറോമിനാസും എ ടി കെയുടെ റോയ് കൃഷ്ണയുമാണ് രണ്ടാംസ്ഥാനത്ത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ഒഗ്‌ബചേയാണ്. 

ഗോവയും എടികെയും പ്ലേ ഓഫിലേക്ക് യോഗ്യത നേടിയതിനാൽ കോറോയ്‌ക്കും റോയ് കൃഷ്ണയ്‌ക്കും ഒഗ്‌ബചേയെ മറികടക്കാൻ അവസരമുണ്ട്.