ഫറ്റോര്‍ഡ: ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ ഗോവയില്‍ നടക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗോവയിലെ മൂന്ന് വേദികളിലായിട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അടച്ചിട്ട സ്‌റ്റേഡിയങ്ങളിലായിരുന്നും മത്സരങ്ങള്‍ നടക്കുക. ജവര്‍ഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം (ഫറ്റോര്‍ഡ), അത്‌ലറ്റിക് സ്‌റ്റേഡിയം (ബാംബോലിം), തിലക് മൈതാന്‍ (വാസ്‌കോ) എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. നവംബറിലാണ് മത്സരങ്ങള്‍.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവ, ഗോവ ഫുട്‌ബോള്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തും. എല്ലാ ടീമുകള്‍ക്കും പ്രത്യേകം ട്രെയനിംഗ് ഗ്രൗണ്ടുകള്‍ ഉണ്ടായിരിക്കുമെന്ന് ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്പ്‌മെന്റ് ലിമിറ്റഡ് അറിയിച്ചു.

ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ഐഎസ്എല്‍ ആയിരിക്കുമിത്. മോഹന്‍ ബഗാന്‍ ഐഎസ്എല്ലിലേക്ക് പ്രവേശിച്ച സീസണ്‍ ആണിത്. എടികെയുമായി ലയിച്ചാണ് ബഗാന്‍ ഐഎസ്എല്ലിനെത്തുന്നത്. കൂടാതെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് മുംബൈ സിറ്റി എഫ്‌സിയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഹൈദരാബാദ് എഫ്‌സി ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു.