കോഴിക്കോട്: ഐ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരം ഗോകുലം എഫ്‌സി കേരള നഷ്ടപ്പെടുത്തി. മണിപ്പൂരില്‍ നിന്നുള്ള TRAU എഫ്‌സിയോട് സമനിലയില്‍ പിരിയുകയായിരുന്നു ഗോകുലം. കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഹെന്റി കിസേക്ക (22)യാണ് ഗോകുലത്തിന് ലീഡ് സമ്മാനിച്ചത്. കൃഷ്ണാനന്ദ സിങ്ങിന്റെ വകയായിരുന്നു TRAU എഫ്‌സിയുടെ മറുപടി ഗോള്‍.

ജയിച്ചിരുന്നെങ്കില്‍ 16 പോയിന്റോടെ ഗോകുലത്തിന് മൂന്നാം സ്ഥാനതേക്ക് കയറാമായിരുന്നു. ഇപ്പോള്‍ ഒമ്പത് മത്സരങ്ങളില്‍ 14 പോയിന്റാണ് ഗോകുലത്തിനുള്ളത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ TRAU എഫ്‌സിക്ക് 15 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ 23 പോയിന്റുള്ള മോഹന്‍ ബഗാനാണ് ലീഗില്‍ ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ 17 പോയിന്റുള്ള മിനര്‍വ രണ്ടാം സ്ഥാനത്താണ്.

ഈമാസം എട്ടിന് റിയല്‍ കശ്മീരിനതെിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് റിയല്‍ കാശ്മീര്‍.