കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരളം എഫ്‌സിക്ക് ദയനീയ തോല്‍വി. ഐസ്വാള്‍ എഫ്‌സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തെ തോല്‍പ്പിച്ചത്. 83ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നിലായിരുന്നു ഗോകുലം. പിന്നീട് ഐസ്വാള്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. പോള്‍, ലാല്‍ഖൗവിമാവിയ, അന്‍ശുമാന ക്രൊമ എന്നിവരാണ് ഐസ്വാളിന്റെ ഗോളുകള്‍ നേടിയത്. മാര്‍കസ് ജോസഫിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ഏകഗോള്‍. 

ഒമ്പതാം മിനിറ്റില്‍ തന്നെ ജോസഫിന്റെ ഗോളിലൂടെ ഗോകുലം മുന്നിലെത്തി. എന്നാല്‍ ഗോകുലം വിജയിക്കുമെന്ന് ഉറപ്പിച്ചിടത്താണ് പോള്‍ 83ാം മിനിറ്റില്‍ ഗോളുമായെത്തിയത്. തീര്‍ന്നില്ല അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും വന്നു. തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ ഇഞ്ചുറി ടൈമില്‍ തോല്‍വി ഉറപ്പിച്ച മൂന്നാം ഗോളും വീണു. 

പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്താണ് ഗോകുലം. 18 മത്സരങ്ങളില്‍ 14 പോയിന്റ് ഗോകുലത്തിനുള്ളത്. രണ്ട് ജയവും എട്ട് വീതം സമനിലയും തോല്‍വിയും. 18 മത്സരങ്ങളില്‍ 18 പോയിന്റുള്ള ഐസ്വാല്‍ എട്ടാമതാണ്.