കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് ഇന്ന് അരങ്ങേറ്റം. വൈകിട്ട് മൂന്നിന് തുടങ്ങുന്ന കളിയില്‍ ഗോകുലം,  ചെന്നൈയിന്‍ എഫ് സിയെ നേരിടും. സീസണില്‍ ഗോകുലത്തിന്റെ ആദ്യ മത്സരമാണിത്. ബ്രൂണോ പെലിസാറി, ഹെന്റി കിസേക്ക, മാര്‍ക്കസ് ജോസഫ് എന്നീ വിദേശ താരങ്ങളാണ് ഗോകുലത്തിന്റെ കരുത്ത്. 

ഫെര്‍ണാണ്ടോ സാന്റിയാഗോ വലേറ പരിശീലിപ്പിക്കുന്ന ടീമില്‍ ഒന്‍പത് മലയാളി താരങ്ങളുണ്ട്. മാര്‍ക്കസ് ജോസഫാണ് ക്യാപ്റ്റന്‍. ഈസ്റ്റ് ബംഗാളില്‍ നിന്നെത്തിയ സി കെ ഉബൈദാണ് ഗോള്‍ കീപ്പര്‍. 

12 വര്‍ഷത്തിന് ശേഷമാണ് ഡ്യൂറന്‍ഡ് കപ്പില്‍ ഒരു കേരള ടീം കളിക്കുന്നത്. 1997ല്‍ ചാംപ്യന്‍മാരായ എഫ് സി കൊച്ചിനാണ് ഡ്യൂറന്‍ഡ് കപ്പ് നേടിയ ഏക കേരള ടീം.