കൊല്‍ക്കത്ത: ഡ്യൂറന്‍റ് കപ്പ് ഫൈനലില്‍ ഗോകുലം കേരള എഫ്‌സ് കൊല്‍ക്കത്ത വമ്പന്മാരായ മോഹന്‍ ബഗാനെ നേരിടും. ഇന്ന് നടന്ന രണ്ടാം സെമിയില്‍ റിയല്‍ കശ്മീരിനെ 1-3ന് തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലില്‍ കടന്നത്. നേരത്തെ ഗോകുലം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിനെ മടികടന്നിരുന്നു. ശനിയാഴ്ചയാണ് ഫൈനല്‍.

അധിക സമയത്തായിരുന്നു മോഹന്‍ ബഗാന്റെ വിജയം. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 42ാം മിനിറ്റില്‍ സാല്‍വ കമോറോയിലൂടെ ബഗാന്‍ മുന്നിലെത്തി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് നൊഹോറെ ക്രിസോ കശ്മീരിനെ ഒപ്പമെത്തിച്ചു. 

എന്നാല്‍ അധിക സമയത്ത് പകരക്കാരനായി എത്തിയ മലയാളി താരം വി പി സുഹൈറിന്റെ രണ്ട് ഗോളുകള് ബഗാന് രക്ഷയായി. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബഗാന്‍ ഡ്യൂറന്റ് കപ്പിന്റെ ഫൈനലിലെത്തുന്നത്.