കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കമാവും. ആദ്യ മത്സത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ഉച്ചയ്ക്ക് രണ്ടിന് സുദേവ എഫ് സിയെ നേരിടും. വൈകിട്ട് നാലിന് തുടങ്ങുന്ന കളിയില്‍ മിനര്‍വ പഞ്ചാബിന് മുന്‍ ചാംപ്യന്മാരായ ഐസ്വാള്‍ എഫ് സിയാണ് എതിരാളികള്‍. കേരളത്തില്‍ നിന്നുള്ള ഏക ഐ ലീഗ് ടീമായ ഗോകുലം കേരള ഇന്ന് വൈകിട്ട് ഏഴിന് ചെന്നൈ എഫ്‌സിയെ നേരിടും.  നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ ഐ എസ് എല്ലിലേക്ക് മാറിയതിനാല്‍ ഇത്തവണ മൂന്ന് പുതിയ ടീമുകളുണ്ട്. 

സീസണില്‍ ആകെ 11 ടീമുകളാണ് കിരീടത്തിനായി പോരിനിറങ്ങുന്നത്. രണ്ടു ഘട്ടങ്ങളയാണ് ഇത്തവണ ഐ ലീഗിലെ മത്സരങ്ങള്‍. ആദ്യ ഘട്ടത്തില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. ആദ്യ സ്ഥാനത്തു വരുന്ന ആറു ടീമുകളാണ് രണ്ടാം ഘട്ടത്തില്‍ ഐ ലീഗ് കിരീടത്തിനായി മത്സരിക്കുക. ബാക്കിയുള്ള അഞ്ച് ടീമുകള്‍ വീണ്ടും ഏറ്റുമുട്ടും. ഇതില്‍ ഏറ്റവും കുറച്ച് പോയിന്റ് കിട്ടുന്ന ടീമുകളാണ് രണ്ടാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുക.

പ്രതീക്ഷകളോടെ ഗോകുലം കേരള

പുതിയ കോച്ചും പുതിയ താരങ്ങളുമായിട്ടാണ് ഗോകുലം എത്തുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെയും കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ഗോകുലം പുതിയ പ്രതീക്ഷകളിലേക്ക് ബൂട്ടുകെട്ടുന്നത്. ഗോകുലത്തിന്റെ പേരില്‍ മാത്രമല്ല കേരളം. ടീമിലെ പതിനൊന്നുതാരങ്ങള്‍ മലയാളികളാണ്. ഐ എഫ് എ ഷീല്‍ഡിനായി ഒരുമാസം മുന്നേ കൊല്‍ക്കത്തയിലെത്തിയ ഗോകുലം ഇവിടെ തന്നെ പരിശീലനം തുടരുകയായിരുന്നു. ഇറ്റാലിയന്‍ കോച്ച് വിസെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസെയുടെ തന്ത്രങ്ങളുമായാണ് ഗോകുലം ഇറങ്ങുന്നത്.

കരുത്തായി നാല് വിദേശ താരങ്ങളും ഗോകുലം നിരയിലുണ്ട്. ഡെന്നിസ് ആന്റ്‌വി, ഫിലിപ്പ് അഡ്ജ ഘാനന്‍ മുന്നേറ്റ ജോഡിയിലാണ് പ്രധാന ഗോള്‍ പ്രതീക്ഷ. ക്യാപ്റ്റന്‍ മുഹമ്മദ് അവാല്‍, ഗോളി സികെ ഉബൈദ്, അലക്‌സ് സജി, എം എസ് ജിതിന്‍, കെ സല്‍മാന്‍ തുടങ്ങിയവരുടെ പ്രകടനവും നിര്‍ണായകമാവും.