മാഞ്ചസ്റ്റര്‍: ലിയോണല്‍ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ ഏറ്റവും മികച്ചവനെന്ന ചോദ്യം എല്ലാകാലത്തും ഉയരാറുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ ഹാട്രിക് നേടി സെര്‍ജിയോ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 6-1ന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചതിന് പിന്നാലെ വാര്‍ത്തസമ്മേളനത്തിനെത്തിയ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള നേരിട്ടത് അല്‍പം വ്യത്യസ്തമായൊരു ചോദ്യമായിരുന്നു.

പരിശീലിപ്പിച്ച കളിക്കാരില്‍ ഏറ്റവും മികച്ച സ്ട്രൈക്കന്‍ ആരാണെന്നായിരുന്നു ഗ്വാര്‍ഡിയോളയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അഗ്യൂറോയോ മെസ്സിയോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ഒട്ടും ആലോചിക്കാതെ പെപ്പിന്റെ മറുപടി എത്തി. അത് മെസ്സി തന്നെയാണ്. 9,10, 11, 6, 4 എല്ലാ സ്ഥാനത്തും മെസ്സി തന്നെയാണ് എന്നായിരുന്നു പെപ്പിന്റെ മറുപടി.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ വിടാനുള്ള ഉദ്ദേശമില്ലായിരുന്നു. പരിശീലിപ്പിച്ച സ്ട്രൈക്കര്‍മാരില്‍ സമ്പൂര്‍ണ സ്ട്രൈക്കറെന്ന് പറയാവുന്നത് അഗ്യൂറോ അല്ലെ എന്ന ചോദ്യത്തിനും പെപ്പിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു. അത് മെസ്സി തന്നെയാണ്. 2008 മുതല്‍ 2011വരെ മെസ്സിയുടെ ടീമായ ബാഴ്സലോണയുടെ പരിശീലകനായിരുന്നു പെപ് ഗ്വാര്‍ഡിയോള. പെപ്പിന് കീഴിലാണ് മെസ്സി ലോകോത്തര താരമായി വളര്‍ന്നത്.