നിത്യമായ നന്ദി ലിയോ, ഞങ്ങളുടെ ജീവിതാവസാനം വരെ മെസിയോടുള്ള സ്നേഹം തുടരും എന്നായിരുന്നു എഎഫ്എയുടെ ഔദ്യോഗിക പ്രതികരണം.
ബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോൾ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ നായകൻ ലയണൽ മെസിക്ക് ആദരമർപ്പിച്ച് കായിക ലോകം. മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കായിക ലോകത്തുനിന്നും സഹതാരങ്ങളിൽ നിന്നും ആശംസാ പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തങ്ങളുടെ പ്രിയ നായകന്‍റെ തീരുമാനത്തെ ഹൃദയം നിറഞ്ഞ വാക്കുകകൾ കൊണ്ടാണ് അർജന്‍റൈൻ ഫുട്ബോൾ അസോസിയേഷൻ(എഎഫ്എ) എതിരേറ്റത്.
നിത്യമായ നന്ദി ലിയോ, ഞങ്ങളുടെ ജീവിതാവസാനം വരെ മെസിയോടുള്ള സ്നേഹം തുടരും എന്നായിരുന്നു എഎഫ്എയുടെ ഔദ്യോഗിക പ്രതികരണം.മെസിയുടെ വിടവാങ്ങലില്‍ സഹതാരങ്ങളും വൈകാരിക പ്രതികരണങ്ങളുമായി രംഗത്തെത്തി. രാജ്യത്തിനായി ഒന്നിച്ചിറങ്ങിയ ദിനങ്ങളെയും ഒപ്പം നേടിയ കിരീടങ്ങളെയും ഓർത്തെടുത്തുകൊണ്ട് മെസിയുടെ സഹതാരങ്ങൾ വൈകാരികമായ സന്ദേശങ്ങൾ പങ്കുവെച്ചു. നീലയും വെള്ളയും ജഴ്സിയിൽ ഇനി നിങ്ങളെ കാണാൻ കഴിയില്ല എന്നത് സങ്കൽപ്പിക്കാൻ പോലുമാകുന്നില്ല. മെസിയുടെ അതേ യുഗത്തിൽ ജനിക്കാനും ഒരുമിച്ച് ലോകകപ്പ് സ്വപ്നം പൂർത്തിയാക്കാനും സാധിച്ചത് ഭാഗ്യമാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന് നന്ദി എന്നായിരുന്നു ഏഞ്ചൽ ഡി മരിയ പ്രതികരിച്ചത്.
എല്ലാത്തിനും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങൾ എന്നെന്നും ഏറ്റവും മികച്ച താരമായിരിക്കും. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ക്യാപ്റ്റൻ എന്നായിരുന്നു ലിയാൻഡ്രോ പരേഡസ് കുറിച്ചത്. ദേശീയ ടീമിനോടുള്ള നിങ്ങളുടെ നിരുപാധിക സ്നേഹവും, തിരിച്ചടികളില്‍ തളരാത്ത പോരാട്ടവീര്യവും എക്കാലവും ഓർമ്മിക്കപ്പെടും. വരാനിരിക്കുന്ന ക്യാമ്പുകളിൽ നിങ്ങളില്ലാത്ത പത്താം നമ്പർ ജഴ്സി സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്ന് റോഡ്രിഗോ ഡി പോൾ പറഞ്ഞു.
നിക്കോളാസ് ടാഗ്ലിയാഫിക്കോ, എൻസോ ഫെർണാണ്ടസും മെസിക്ക് നന്ദി പറഞ്ഞ് ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും നേർന്നു. ഫുട്ബോളിന് പുറത്തുനിന്നും നിരവധി പ്രമുഖരാണ് ലയണൽ മെസിയുടെ ഇതിഹാസ കരിയറിനെ വാഴ്ത്തി രംഗത്തെത്തിയത്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് നൽകിയ അവിസ്മരണീയ നിമിഷങ്ങൾക്ക് നന്ദി. 2022 ലോകകപ്പ് ജേതാവായും അർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരമായും പടിയിറങ്ങുന്ന മെസിയുടെ അപൂർവ കഴിവുകളും എളിമയും എന്നും ഓർമ്മിക്കപ്പെടുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ പറഞ്ഞു. മുൻ അർജന്‍റൈൻ ടെന്നീസ് താരം ഗബ്രിയേല സബാറ്റിനി ഉൾപ്പെടെയുള്ള പ്രമുഖരും മെസി രാജ്യത്തിന് നൽകിയ സംഭാവനകളെ ഓർത്തെടുക്കുകയും ഭാവി ജീവിതത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
