സിംഗപ്പൂര്‍: ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ യുവന്റസിനെതിരെ ടോട്ടനത്തിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കെന്ന് കരുതിയ കളിയില്‍ ഇഞ്ചുറി ടൈമില്‍ മൈതാനമധ്യത്തു നിന്ന് ഗോളടിച്ച ഹാരി കെയ്നിന്റെ മികവിലാണ് ടോട്ടനം അവിശ്വസനീയ ജയം സ്വന്തമാക്കിയത്.

മുപ്പതാം മിനിട്ടില്‍ എറിക് ലമേലയിലൂടെ ലീഡെടുത്ത ടോട്ടനത്തിന് പക്ഷെ പിന്നീട് പിഴച്ചു. മൂന്ന് മിനിറ്റിനിടെ ഹിഗ്വയ്നിലൂടെയും റൊണാള്‍ഡോയിലൂടെയും തിരിച്ചടിച്ച യുവന്റസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. എന്നാല്‍ 65-ാം മിനിട്ടില്‍ ലൂക്കാസ് മോറയിലൂടെ ടോട്ടനം സമനില വീണ്ടെടുത്തു.

പിന്നീട് വിജയഗോളിനായി ഇരു ടീമും ആഞ്ഞു ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. എന്നാല്‍ ശൂന്യതയില്‍ നിന്നെന്നപോലെ ഇഞ്ചുറി ടൈമില്‍ മൈതാനമധ്യത്തില്‍ നിന്ന് കെയ്ന്‍ തൊടുത്ത ലോംഗ് റേഞ്ചര്‍ സ്ഥാനം മാറി നിന്ന യുവെ ഗോള്‍ കീപ്പര്‍ ചെസ്നിയെ മറികടന്ന് ഗോള്‍വര കടന്നതോടെ ടോട്ടനം അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു.