സൂറിച്ച്: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്കാസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസ്സിയുടേതടക്കം മൂന്ന് ഗോളുകള്‍. പത്തു പേരില്‍ നിന്നാണ് മെസ്സിയടക്കം മൂന്ന് പേരുടെ ഗോളുകള്‍ അന്തിമ പട്ടികയിലെത്തിയത്.

ഫിഫ വെബ്സൈറ്റിലെ വോട്ടെടുപ്പിനൊടുവിലാണ് ഏറ്റവും മികച്ച മൂന്നു ഗോളുകളുടെ ചുരുക്ക പട്ടിക ഫിഫ പുറത്തുവിട്ടത്. മാര്‍ച്ചില്‍ റിയല്‍ ബെറ്റിസിനെതിരെ മെസ്സി നേടിയ മാസ്മരിക ഗോളാണ് പട്ടികയില്‍ ഒന്നാമത്.ഫെബ്രുവരിയില്‍ റേസിംഗ് ക്ലബ്ബിനെതിരെ റിവര്‍പ്ലേറ്റിനായി അത്ഭുഗോളടിച്ച കൊളംബിയന്‍ താരം ജുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റേറോയുടെ ഗോളാണ് പട്ടികയില്‍ രണ്ടാമത്.

ഹംഗേറിയന്‍ ലീഗില്‍ ഡെബ്രിസെന്‍ എഫ്‌സിക്കായി ഡീനേയ്ല്‍ സോറി നേടിയ ഗോളാണ് ചുരുക്കപ്പട്ടികയില്‍ മൂന്നാമതെത്തിയത്.മിലാനിലെ സാന്‍ സിറോയില്‍ ഈ മാസം 23ന് നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ഏഴുതവണ പുരസ്‌കാര പട്ടകയില്‍ ഇടംപിടിച്ചെങ്കിലും മെസ്സിക്ക് അവാര്‍ഡ് ലഭിച്ചിരുന്നില്ല. ഫിഫയുടെ മികച്ച ഫുട്ബോളര്‍ക്കുള്ള മൂന്നുപേരുടെ ചുരുക്കപ്പട്ടികയിലും മെസ്സിയുണ്ട്.