സൂറിച്ച്: ഫിഫ ഫുട്ബോളര്‍ പുര്സകാരത്തിനുള്ള മൂന്ന് പേരുടെ അന്തിമ പട്ടികയായി. പോര്‍ച്ചുഗല്‍ നായകനും യുവന്റ്സ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെയും ബാഴ്സലോണയുടെയും നായകനായ ലിയോണല്‍ മെസ്സി, നെതര്‍ലന്‍ഡ്സിന്റെയും ലിവര്‍പൂളിന്റെയും പ്രതിരോധനിരയിലെ കരുത്തുറ്റ സാന്നിധ്യമായ യുവതാരം വിര്‍ജിന്‍ വാന്‍ ഡിക് എന്നിവരാണ് അന്തിമ പട്ടികയിലെത്തിയത്. സെപ്റ്റംബര്‍ 23ന് മിലാനിലെ സാന്‍ സിറോയില്‍ നടക്കുന്ന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിക്കും.

കഴിഞ്ഞ വര്‍ഷം ഫിഫ ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച് അവസാന പത്തില്‍പോലും എത്തിയിരുന്നില്ല. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് വാന്‍ ഡിക്കിനും റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം അന്തിമപട്ടികയില്‍ ഇടം നേടിക്കൊടുത്തത്.

വനിതാ താരങ്ങളില്‍ അമേരിക്കയുടെ മുന്നേറ്റനിര താരം മെഗാന്‍ റാപിനോ, അമേരിക്കയുടെ തന്നെ അലക്സ് മോര്‍ഗന്‍, ഇംഗ്ലണ്ട് മുന്നേറ്റനിരതാരം ലൂസി ബ്രോണ്‍സ് എന്നിവരാണ് അന്തിമ പട്ടികയിലെത്തിയത്.

മികച്ച പരിശീലകനുള്ള പുരസ്കാരത്തിനായി അന്തിമ പട്ടികയിലെത്തിയ മൂന്ന് പേരും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്നുള്ള പരിശീലകരാണ്. ലിവര്‍പൂളിന്റെ ജുര്‍ഗന്‍ ക്ലോപ്പ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡ‍ിയോള, ടോട്ടനത്തിന്റെ മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരാണ് അന്തിമ പട്ടികയിലെത്തിയത്.

മികച്ച ഗോള്‍ കീപ്പര്‍ പുര്സകാരത്തിനുള്ള അന്തിമ പട്ടികയിലുള്ളത് ലിവര്‍പൂളിന്റെ അലിസണ്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണ്‍, ബാഴ്സലോണയുടെ മാര്‍ക്ക് ആന്ദ്രെ ടെര്‍സ്റ്റെഗന്‍ എന്നിവരാണ്.

ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍മാര്‍, ആരാധകരുടെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് എന്നിവ കണക്കാക്കിയാണ് വിജയിയെ തെരഞ്ഞെടുക്കുക.