കോയമ്പത്തൂര്‍: ഐ ലീഗിൽ ഗോകുലം കേരളയ്‌ക്ക് അഞ്ചാം ജയം. ഗോകുലം ഏകപക്ഷീയമായ ഒരുഗോളിന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സിറ്റിയെ തോൽപിച്ചു. എഴുപത്തിയൊൻപതാം മിനിറ്റിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് നിർണായക ഗോൾ നേടിയത്. 

ഇതോടെ 11 കളിയിൽ 17 പോയിന്റുമായി ഗോകുലം ലീഗിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. 26 പോയിന്റുള്ള മോഹൻ ബഗാനാണ് ഒന്നാംസ്ഥാനത്ത്. 17 പോയിന്‍റ് തന്നെയെങ്കിലും മിനര്‍വ പഞ്ചാബാണ് രണ്ടാംസ്ഥാനത്ത്. ഗോള്‍ശരാശരിയിലാണ് മിനര്‍വ ഗോകുലത്തെ പിന്നിലാക്കിയത്. 

14 പോയിന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. സീസണില്‍ നാല് ജയവും രണ്ട് സമനിലയുമാണ് ചെന്നൈയുടെ സമ്പാദ്യം. 21-ാം തിയതി നെരോക്കയ്‌ക്കെതിരെയാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം. ചെന്നൈ സിറ്റി 16ന് ട്രാവു എഫ്‌സിയെ നേരിടും.