കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്‌സി- ചർച്ചിൽ ബ്രദേഴ്‌സ് പോരാട്ടം ഇന്ന്. കോഴിക്കോട് കോർ‍പ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് കളി തുടങ്ങുക. മത്സരത്തിനുള്ള 1000 ടിക്കറ്റുകള്‍ ഇന്ത്യന്‍ താരം സന്ദേശ് ജിംഗാന്‍ വാങ്ങി.

പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്‌സും അഞ്ചാം സ്ഥാനത്തുള്ള ഗോകുലം കേരളയും കളത്തിൽ ഇറങ്ങുമ്പോൾ തീപ്പൊരി പോരാട്ടം ഉറപ്പ്. മൂന്നാംസ്ഥാനത്ത് തിരികെ എത്താൻ ഗോകുലം എഫ്‌സിക്ക് ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യം. കഴിഞ്ഞ കളിയിൽ പഞ്ചാബിനോട് 3-1ന് പരാജയപ്പെട്ട ഗോകുലം ഈ മത്സരത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പഞ്ചാബിനെതിരെ ഗോളടിച്ച ഹെൻറി കിസേക്ക ഈ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. 

ധനരാജിന്‍റെ കുടുംബത്തെ നെഞ്ചോടുചേര്‍ത്ത് ഗോകുലം

ഇന്നത്തെ മത്സരത്തിൽ നിന്ന് കിട്ടുന്ന വരുമാനം അന്തരിച്ച ഫുട്ബോൾ താരം ധനരാജിന്‍റെ കുടുംബത്തിന് നൽകാനാണ് ഗോകുലത്തിന്‍റെ തീരുമാനം. താരങ്ങളും ഈ തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. മത്സരം കാണാൻ ധനരാജിന്‍റെ കുടുംബവും ഗാലറിയിൽ എത്തും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ മത്സരത്തിന് കോംപ്ലിമെന്‍ററി പാസുകളും നൽകില്ല. വനിതകൾക്കുള്ള സൗജന്യ പ്രവേശനത്തിനും നിയന്ത്രണമുണ്ട്. ഈ ടിക്കറ്റുകൾ കൂടി വിൽപ്പന നടത്താനാണ് തീരുമാനം

Read more: കൈയടിക്കാം സുനില്‍ ഛേത്രിക്ക്: ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാനായി 220 ടിക്കറ്റുകള്‍ വാങ്ങി ഇന്ത്യന്‍ നായകന്‍