കോഴിക്കോട്: ഐ-ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരായ മത്സരത്തിലെ ടിക്കറ്റ് വരുമാനം ഫുട്ബോള്‍ താരം ധന്‍രാജിന്റെ കുടുംബത്തിനായി മാറ്റി വെക്കാനുള്ള ഗോകുലം എഫ്‌സി കേരളയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. മത്സരത്തിന്റെ 220 ടിക്കറ്റുകളാണ് ഛേത്രി ഒരുമിച്ച് വാങ്ങിയത്. ഇവ സമീപത്തുള്ള അക്കാദമിയിലെ കുട്ടികള്‍ക്ക് നല്‍കി അവരെ മത്സരം കാണാന്‍ അനുവദിക്കണമെന്നാണ് ഛേത്രി നിര്‍ദേശിച്ചിരിക്കുന്നത്.

ഛേത്രിയുടെ നല്ല മനസിന് ഗോകുലം ടീം നന്ദി പറഞ്ഞു. ഈ മാസം 26ന് കോഴിക്കോട് വെച്ച് നടക്കുന്ന  ഗോകുലം-ചര്‍ച്ചില്‍ പോരാട്ടത്തിന്റെ മുഴുവന്‍ ടിക്കറ്റ് വരുമാനവും ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം നേരത്തെ അറിയിച്ചിരുന്നു. പരമാവധി തുക സമാഹരിക്കാനായി മത്സരത്തിന് സൗജന്യ ടിക്കറ്റുകള്‍ ഉണ്ടായിരിക്കില്ലെന്നും ഗോകുലം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം മലപ്പുറത്ത് സെവന്‍സ് ഫുട്ബോള്‍ മത്സരം കളിക്കുന്നതിനിടെ കുഴഞ്ഞുവീണാണ് കേരളത്തിന്റെ താരമായിരുന്ന ധന്‍രാജ് മരിച്ചത്.  ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും മുഹമ്മദന്‍സിനുമെല്ലാം ബൂട്ട് കെട്ടിയിട്ടുള്ള ധന്‍രാജ് കേരളത്തിനായി സന്തോഷ് ട്രോഫിയിലും കളിച്ചു. മത്സരം കാണാനായി ധനരാജിന്റെ കുടുംബത്തെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മത്സരത്തിന്റെ ഗ്യാലറി ടിക്കറ്റിന് 50 രൂപയും വിഐപി ടിക്കറ്റിന് 100 രൂപയുമാണ് നിരക്ക്.

ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാനായി കഴിഞ്ഞ ആഴ്ച പാലക്കാട് നടത്താനിരുന്ന സൗഹൃദ ഫുട്ബോള്‍ മത്സരം മത്സരത്തിന് തൊട്ടു മുമ്പ് താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.