കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരള ഇന്ന് ട്രാവു എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. 

അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ തോൽപിച്ച ആത്മവിശ്വാസവുമായാണ് ഗോകുലം കേരള സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടുമിറങ്ങുന്നത്. ഐ ലീഗിലെ നവാഗതരാണെങ്കിലും വമ്പന്‍മാരെയെല്ലാം വിറപ്പിച്ച ട്രാവു പോയിന്റ് പട്ടികയിൽ ഗോകുലത്തിന് മുന്നിലാണ്. 13 പോയന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ഗോകുലം. ട്രാവുവിന് പതിനാല് പോയിന്റും. ക്യാപ്റ്റൻ മാർക്കസ് ജോസഫ്, നഥാനിയൽ ഗാർഷ്യ, ഹെന്‍റി കിസിക്കെ എന്നിവരാണ് ഗോകുലത്തിന്റെ പ്രതീക്ഷ.

തുടർച്ചയായ നാല് കളിയിലും ജയിച്ചാണ് മണിപ്പൂർ ടീമായ ട്രാവു കോഴിക്കോട്ട് എത്തിയിരിക്കുന്നത്. ഫൽഗുനി സിംഗ്, പ്രേംജിത് സിംഗ് എന്നിവരിലാണ് ട്രാവുവിന്റെ പ്രതീക്ഷകൾ. ഗ്രീക്ക് കോച്ച് ദിമിത്രിസ് ദിമിത്രിയോയെ പുറത്താക്കിയതിനാൽ മുഖ്യ പരിശീലകനില്ലാതെയാണ് ട്രാവു കളത്തിലിറങ്ങുക.