തിരുവനന്തപുരം: മലയാളികളുടെ മുത്തും സ്വത്തുമൊക്കെയാണ് ഐ എം വിജയന്‍. കേരള മണ്ണ് ഇന്ത്യന്‍ ഫുട്ബോളിന് സമ്മാനിച്ച അതുല്യ പ്രതിഭ. കേരള പൊലീസിലൂടെ വളര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടിയെല്ലാം ബൂട്ട് കെട്ടിയ ഇന്ത്യന്‍ ഫുട്ബോളിലെ അതികായനായിരുന്നു വിജയന്‍.

ഇന്ത്യക്ക് വേണ്ടി 79 മത്സരങ്ങളില്‍ നിന്ന് 40 ഗോളുകള്‍ നേടിയും വിജയന്‍ ചരിത്രം കുറിച്ചു. മത്സര ഫുട്ബോളില്‍ നിന്ന് വിരമിച്ച് കാലങ്ങള്‍ ഏറെ ആയെങ്കിലും തന്‍റെ കാലിന്‍റെയും മനസിന്‍റെയും ചടുലത ഇന്നും നഷ്ടമായിട്ടില്ലെന്നാണ് തെളിയിക്കുകയാണ് വിജയന്‍. സെലിബ്രിറ്റി ഫുട്ബോളില്‍ ഐ എം വിജയന്‍ നേടിയ ഒരു വണ്ടര്‍ ഗോളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നത്.

"

പണ്ട് സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡില്‍ ഗോള്‍ നേടിയ അതേ ആവേശത്തോടെയാണ് വിജയന്‍ സെലിബ്രിറ്റി ഫുട്ബോളില്‍ ഗോള്‍ സ്വന്തമാക്കിയത്. പന്തിനെ വലത് കാല് കൊണ്ട് ഒന്ന് നിയന്ത്രിച്ച് വിജയന്‍ അടിച്ച ലോംഗ് റേഞ്ചര്‍ ഗോള്‍കീപ്പറെ നിസഹായനാക്കിയാണ് ഗോള്‍ പോസ്റ്റിന്‍റെ വലതു മൂലയെ ചുംബിക്കുന്നത്.