ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമില്‍ മൂന്ന് മലയാളി താരങ്ങളുണ്ട്. ചൊവ്വാഴ്ച കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 23 അംഗ ടീമില്‍ മൂന്ന് മലയാളി താരങ്ങളുണ്ട്. ചൊവ്വാഴ്ച കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. പ്രതിരോധതാരം അനസ് എടത്തൊടിക, വിംഗര്‍ ആഷിക് കുരുണിയന്‍, മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

പരുക്കേറ്റ ഡിഫന്‍ഡര്‍മായ സന്ദേശ് ജിംഗാനും രാഹുല്‍ ബെക്കേയും ഇടീമിലില്ല. ഇരുവരുടേയും അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ സന്നാഹമത്സരത്തിലാണ് ജിംഗാന് പരുക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനാവുന്ന ജിംഗാന് ആറുമാസം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. 

ഹാളിചരണ്‍ നര്‍സാരി, ഫാറൂഖ് ചൗധരി, നിഷു കുമാര്‍ എന്നിവരാണ് അവസാന പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരങ്ങള്‍. ഗുര്‍പ്രീത് സിംഗ് സന്ധു, മന്ദര്‍റാവു ദേശായ്, പ്രീതം കോട്ടാല്‍, ഉദാന്ത സിംഗ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, സുനില്‍ ഛേത്രി തുടങ്ങിയവര്‍ ടീമിലുണ്ട്. 

കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കൊല്‍ക്കത്തയിലെ കാണികളുടെ സാന്നിധ്യം ഇന്ത്യക്ക് ഇരട്ടി ഊര്‍ജ്ജം നല്‍കുമെന്ന് കോച്ച് സ്റ്റിമാക്ക് പറഞ്ഞു. 34000 ടിക്കറ്റ് ഇതിനോടകം വിറ്റുകഴിഞ്ഞു.