Asianet News MalayalamAsianet News Malayalam

ഛേത്രിക്ക് ഗോള്‍; ത്രിരാഷ്‌ട്ര ഫുട്ബോളില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍

നേരത്തെ ആദ്യ മത്സരത്തില്‍ മ്യാന്‍മാറിനെ ഇന്ത്യ തോല്‍പിച്ചിരുന്നു. 

India beat Kyrgyzstan and champions in tri national football series jje
Author
First Published Mar 28, 2023, 9:23 PM IST

ഇംഫാല്‍: ത്രിരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കിര്‍ഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഇന്ത്യ ചാമ്പ്യന്‍മാര്‍. ഇരു പകുതികളിലായി സന്ദേശ് ജിംഗാൻ, സുനിൽ ഛേത്രി എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ജിംഗാന്‍ 34-ാം മിനുറ്റിലും ഛേത്രി പെനാല്‍റ്റിയിലൂടെ 84-ാം മിനുറ്റിലും ലക്ഷ്യം കണ്ടു. ഹോം വേദിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. 

ത്രിരാഷ്‌ട്ര ടൂര്‍ണമെന്‍റില്‍ കിരീടം നേടാന്‍ കിര്‍ഗിസ്ഥാനെതിരെ സമനില മാത്രം മതിയായിരുന്നു എങ്കിലും ഇന്ത്യന്‍ ടീം തുടക്കത്തിലെ ഗോളിനായി പരിശ്രമിച്ചുകൊണ്ടിരുന്നു. പതിനാലാം മിനുറ്റില്‍ ഇന്ത്യക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചിരുന്നു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ കിക്കില്‍ സുനില്‍ ഛേത്രിയുടെ ഹെഡര്‍ ഭാഗ്യമില്ലായ്‌മ കൊണ്ട് മാത്രമാണ് ഗോളാവാതെ പോയത്. എന്നാല്‍ 34-ാം മിനുറ്റില്‍ ബ്രാണ്ടന്‍ തന്നെ ആദ്യ ഗോളിലേക്ക് വഴിയൊരുക്കി. ബ്രാണ്ടന്‍ എടുത്ത ഫ്രീകിക്കില്‍ കാല്‍ വെച്ചാണ് ജിംഗാന്‍ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 84-ാം മിനുറ്റില്‍ മഹേഷിനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി എടുത്ത സുനില്‍ ഛേത്രി ഇന്ത്യക്ക് 2-0ന്‍റെ ലീഡും ജയവും ഉറപ്പിച്ചു. 

നേരത്തെ ആദ്യ മത്സരത്തില്‍ മ്യാന്‍മാറിനെ ഇന്ത്യ തോല്‍പിച്ചിരുന്നു. മ്യാന്‍മാറിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തകര്‍ക്കുകയായിരുന്നു. ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളിലാണ് ഇന്ത്യന്‍ വിജയം. 45+1-ാം മിനുറ്റില്‍ രാഹുല്‍ ഭേക്കോയുടെ ക്രോസ് ബോക്‌സില്‍ വച്ച് തട്ടിയകറ്റുന്നതില്‍ മ്യാന്‍മാര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഉടലെടുത്ത ആശയക്കുഴപ്പം മുതലാക്കി വല ചലിപ്പിക്കുകയായിരുന്നു അനിരുദ്ധ് ഥാപ്പ. രണ്ടാംപകുതിയില്‍ 76-ാം മിനുറ്റില്‍ സുനില്‍ ഛേത്രി വല ചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് ഫ്ലാഗ് ഉയര്‍ന്നത് തിരിച്ചടിയായി. എന്നാല്‍ ഇന്ന് ഗോളിലൂടെ കപ്പ് ഇന്ത്യക്ക് സമ്മാനിച്ചിരിക്കുകയാണ് ഛേത്രി. 

ലക്ഷ്യം രണ്ടാം ജയം; യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ സ്പെയിൻ കളത്തിലേക്ക്

Follow Us:
Download App:
  • android
  • ios