കൊല്‍ക്കത്ത: 2022ലെ ഖത്തര്‍ ലോകകപ്പ യോഗ്യത മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഹോംഗ്രൗണ്ട് നിശ്ചയിച്ചു. ആദ്യ രണ്ട് കളികളുടെ വേദിയാണ് തീരുമാനിച്ചിരിക്കുന്നത്. ഗുവാഹത്തിയും കൊല്‍ക്കത്തയുമാകും ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് വേദിയാവുക. ഒമാനെതിരെയും ബംഗ്ലാദേശിനെതിരെയും ആണ് ഇന്ത്യയുടെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍. 

ഒമാനെതിരായ മത്സരം ഗുവാഹത്തിയിലും ബംഗ്ലാദേശിനെതിരായ മത്സരം കൊല്‍ക്കത്തയിലും നടക്കും. സെപ്റ്റംബര്‍ അഞ്ച് മുതലാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമാവുക. ഒമാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്ക് ഒപ്പം അഫ്ഗാനിസ്ഥാനും ഖത്തറുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. 

ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയാല്‍ മാത്രമേ ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ കഴിയൂ. അവസാന രണ്ടു ഹോം മത്സരങ്ങള്‍ക്കുള്ള വേദികള്‍ പിന്നീട് തീരുമാനിക്കും.