ക്വാലലംപുര്‍: ഏഷ്യയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവെക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യയുടെ മത്സരങ്ങള്‍ ഉള്‍പ്പെടെ നടക്കാന്‍ പോകുന്ന മത്സരങ്ങള്‍ എല്ലാം മാറ്റിവെക്കും. ഇക്കാര്യത്തെ സംബന്ധിച്ച് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് അറിയിപ്പ് ലഭിച്ചു.

നാല് മത്സരങ്ങളാണ് ഇന്ത്യ കളിക്കേണ്ടത്. മാര്‍ച്ച് 26ന് ഇന്ത്യ- ഖത്തര്‍ പോരാട്ടമായിരുന്നു ആദ്യത്തേത്. 31 താജികിസ്ഥാനെതിരെയാണ് രണ്ട് മത്സരം. ഈ രണ്ട് മത്സരങ്ങള്‍ക്ക് പിന്നാലെ ജൂണില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ നടക്കേണ്ട മത്സരങ്ങള്‍ക്കും പുതിയ തിയ്യതി പ്രഖ്യാപിക്കും.

ഇന്ത്യയുടെ മാത്രമല്ല എ എഫ് സി നടത്തുന്ന മാര്‍ച്ചിലെയും ജൂണിലെയും എല്ലാ യോഗ്യതാ മത്സരങ്ങളും മാറ്റാന്‍ ആണ് തീരുമാനം. ഒക്ടോബറിലും നവംബറിലും ആകും ഇനി ഈ മത്സരങ്ങള്‍ നടക്കുക. യോഗ്യതാ മത്സരങ്ങള്‍ നീട്ടിയതോടെ ഇന്ത്യന്‍ ക്യാംപും ഉപേക്ഷിക്കും. ഈ ആഴ്ച ക്യാംപ് ആരംഭിക്കാന്‍ നേരത്തെ സ്റ്റിമാച് തീരുമാനിച്ചിരുന്നു.