ഗുവാഹട്ടി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഒമാനെതിരെ ഇന്ത്യ മുന്നില്‍.  തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇന്ത്യ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. ഒടുവില്‍ കളിയുടെ ഇരുപത്തി നാലാം മിനിട്ടില്‍ ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ് മനോഹര ഫിനിഷിംഗിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്.

ആഷിഖ് കരുണിയന്റെ മുന്നേറ്റം തടയാനായി ഒമാന്‍ താരം അബദുള്‍ അസീസ് അല്‍ ഗിലാനി നടത്തിയ ടാക്ലിംഗാണ് ഫ്രീ കിക്കില്‍ കലാശിച്ചത്.  ഗോള്‍മുഖത്ത് നിരന്നു നിന്നവരെ കബളിപ്പിച്ച് ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസ് ഓടിയെത്തിയ ഛേത്രി ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ആദ്യ നിമിഷങ്ങളില്‍ മലയാളി താരം ആഷിഖ് കരുണിയന്റെ മുന്നേറ്റങ്ങളാണ് ഒമാന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചത്.