ഗുവാഹട്ടി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ഒമാനെതിരെ ആദ്യ പകുതിയില്‍ ഇന്ത്യ മുന്നില്‍.  തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇന്ത്യ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. ഒടുവില്‍ കളിയുടെ ഇരുപത്തി നാലാം മിനിട്ടില്‍ ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ് മിന്നല്‍ ഫിനിഷിംഗിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്.

ആഷിഖ് കരുണിയന്റെ മുന്നേറ്റം തടയാനായി ഒമാന്‍ താരം അബദുള്‍ അസീസ് അല്‍ ഗിലാനി നടത്തിയ ടാക്ലിംഗാണ് ഫ്രീ കിക്കില്‍ കലാശിച്ചത്.  ഗോള്‍മുഖത്ത് നിരന്നു നിന്ന ഒമാന്‍ താരങ്ങളെ കബളിപ്പിച്ച് ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് നല്‍കിയ നിലം പറ്റെയുള്ള ക്രോസ് ബോക്സിന് പുറതുന്നിന്ന് ഓടിയെത്തിയ ഛേത്രി ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

4-3-3 ശൈലിയിലാണ് ഇന്ത്യ കളി തുടങ്ങിയത്. മുന്നേറ്റ നിരയില്‍ ബംഗലൂരു എഫ് സി താരനിരയായ ആഷിഖും ഛേത്രിയും ഉദാന്തയും ഇറങ്ങി. ആദ്യ നിമിഷങ്ങളില്‍ മലയാളി താരം ആഷിഖ് കരുണിയന്റെ മുന്നേറ്റങ്ങളാണ് ഒമാന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചത്. രണ്ടാം മിനിട്ടില്‍ തന്നെ ആഷിഖ് ഇടതു വിംഗില്‍ നിന്ന് നല്‍കിയ അപകടകരമായ ക്രോസ് ഒമാന്‍ പ്രതിരോധനിരയെ വിറപ്പിച്ചു.

നാലാം മിനിട്ടില്‍ ഇന്ത്യ ആദ്യ കോര്‍ണര്‍ സ്വന്തമാക്കിയെങ്കിലും ഗോളിലേക്ക് വഴി തുറന്നില്ല.  ഒമ്പതാം മിനിട്ടില്‍ ഒമാന്റെ ആദ്യ ഗോള്‍ ശ്രമം ഗുപ്രിത് സിംഗ് സന്ധുവിന്റെ രക്ഷപ്പെടുത്തല്‍, ഗ്യാലറിയില്‍ ആശ്വാസം. പതുക്കെ ഒമാന്‍ കളിയില്‍ പിടിമുറുക്കി തുടങ്ങിയെങ്കിലും ഇന്ത്യ പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമണം തുടര്‍ന്നു.

പതിനഞ്ചാം മിനിട്ടില്‍ ഇന്ത്യ ഗോളെന്നുറപ്പിച്ച നിമിഷമെത്തി. ഉദാന്തയുടെ ഷോട്ട് പക്ഷെ ക്രോസ് ബാറില്‍ തട്ടിപ്പോയത് ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല. ഒടുവില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തിയത് കളിയുടെ 24-ാം മിനിട്ടില്‍. ബ്രണ്ടന്റെ കൗശലത്തോടെയുള്ള ക്രോസ് മിന്നല്‍ ഫിനിഷിംഗിലൂടടെ ഛേത്രി ഗോളാക്കി മാറ്റിയതോടെ ഗ്യാലറി ആവേശക്കടലായി.

ഇന്ത്യയുടെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഒമാന്റെ തന്ത്രങ്ങള്‍ പാളി. ആദ്യ പകുതി തീരീന്‍ മിനിട്ടുകള്‍ ബാക്കിയിരിക്കെ ഇന്ത്യയെ വിറപ്പിച്ച് ഒമാന്‍ സമനില ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും ഗുര്‍പ്രീതിന്റെ മിന്നും സേവ് ഇന്ത്യയുടെ രക്ഷക്കെത്തി.