ഗുവാഹത്തി: ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. കരുത്തരായ ഒമാനാണ് ആദ്യ എതിരാളികള്‍. വൈകിട്ട് 7.30 മുതല്‍ ഗുവാഹത്തിയിലാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ 50ാം റാങ്കിലുള്ള ടീമാണ് ഒമാന്‍. 2020 ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ഇയില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

ഗോവയിലെ പരിശീലന ക്യാംപിന് ശേഷമാണ് സുനില്‍ ഛേത്രിയും സംഘവും ഗുവാഹത്തിയില്‍ എത്തിരിക്കുന്നത്. അനസ് എടത്തൊടിക, സഹല്‍ അബ്ദുല്‍ സമദ്, ആഷിക് കുരുണിയന്‍ എന്നിവരാണ് ടീമിലെ മലയാളികള്‍. കോച്ച് ഇഗോര്‍ സ്റ്റിമാച്ച് 4-2-3-1 ഫോര്‍മേഷനില്‍ ഇന്ത്യയെ അണിനിരത്താനാണ് സാധ്യത.

പരിശീലന മത്സരത്തില്‍ യമനെ ഒറ്റഗോളിന് തോല്‍പിച്ചാണ് ഒമാന്‍ ഇറങ്ങുന്നത്. ഡച്ച് പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ സഹോദരന്‍ എര്‍വിന്‍ കോമാനാണ് ഒമാന്‍ പരിശീലകന്‍. റഷ്യന്‍ ലോകകപ്പിന്റെ  യോഗ്യതാ റൗണ്ടില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ ഒമാനോട് തോറ്റിരുന്നു.