കൊല്‍ക്കത്ത: ഐ ലീഗില്‍ മോഹന്‍ ബഗാനെ ഞെട്ടിച്ച് ഇന്ത്യന്‍ ആരോസ്. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ആരോസിന്റെ വിജയം. മലയാളി താരം കെ.പി. രാഹുല്‍ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ അഭിജിത് സര്‍ക്കാര്‍, രോഹിത് ദനു എന്നിവരും ഗോള്‍ നേടി. അസറുദ്ദീന്‍ മല്ലിക്കിന്റെ വകയായിരുന്നു ബഗാന്റെ ഏകഗോള്‍. 

17ാം മിനിറ്റില്‍ മല്ലിക്കിലൂടെ ബഗാന്‍ ലീഡ് നേടി. എന്നാല്‍ 28ാം മിനിറ്റില്‍ അഭിജിത്തിലൂടെ ആരോസ് തിരിച്ചടിച്ചു. ആദ്യപകുതി 1-1ന് അവസാനിക്കുകയായിരുന്നു. എന്നാല്‍ 74ാം മിനിറ്റില്‍ രാഹുലിലൂടെ ആരോസ് ലീഡ് നേടി. ഇഞ്ചുറി സമയത്ത് രോഹിത് വിജയമുറപ്പിച്ച ഗോള്‍ നേടുകയായിരുന്നു. 

വിജയത്തോടെ ആരോസിന് 20 മത്സരങ്ങളില്‍ 21 പോയിന്റായി. സീസണില്‍ ആരോസിന്റെ മത്സരങ്ങള്‍ അവസാനിക്കുകയും ചെയ്തു. ഏഴാം സ്ഥാനത്താണ് അവര്‍. 19 മത്സരങ്ങളില്‍ 26 പോയിന്റുമായി ആറാം സ്ഥാനത്താണ് ബഗാന്‍.