ദില്ലി: നായകൻ സുനിൽ ഛേത്രിയെ അമിതമായി ആശ്രയിക്കുന്നതാണ് ഇന്ത്യൻ ഫുട്ബോൾ ടീം ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയ. സ്‌ട്രൈക്കർമാർ ഉൾപ്പടെയുള്ള താരങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ മികവ് പുറത്തെടുക്കണമെന്നും ബൂട്ടിയ പറഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബുധനാഴ്‌ച ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കവേയാണ് ബൂട്ടിയയുടെ അഭിപ്രായപ്രകടനം. 

നേരത്തേ ഇന്ത്യയുടെ പ്രധാന പ്രതിസന്ധി പ്രതിരോധനിര ആയിരുന്നു. ഇപ്പോൾ ഡിഫൻഡർമാർ സ്ഥിരമായി മികച്ച പ്രകടനം നടത്തുന്നുണ്ട്. സ്‌ട്രൈക്കർമാരും ഈ മികവിലേക്ക് ഉയരണം. സുനിൽ ഛേത്രിക്ക് മാത്രം എല്ലാം കളിയിലും ഇന്ത്യയെ ജയിപ്പിക്കാൻ കഴിയില്ലെന്നും ബൂട്ടിയ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ ഛേത്രി 72 തവണ വലകുലുക്കിയിട്ടുണ്ട്.