കോഴിക്കോട്: ഇന്ത്യന്‍ വിമന്‍സ് ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള ചാമ്പ്യന്‍മാരായി. ആവേശകരമായ ഫൈനലില്‍ മണിപ്പൂര്‍ ടീം ക്രിഫ്സയെ (കാങ്ചുപ് റോഡ് യങ് ഫിസിക്കൽ ആൻഡ് സ്പോർട്സ് അസോസിയേഷൻ)  രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടിക്കായാണ് ഗോകുലം കേരള കന്നി കിരീടത്തില്‍ മുത്തമിട്ടത്.

ആദ്യ മിനിറ്റില്‍ തന്നെ പ്രമേശ്വരി ദേവിയിലൂടെ ഗോകുലം ആണ് ആദ്യം മുന്നിലെത്തിയത്. 25-ാം മിനിറ്റില്‍ കമലാ ദേവി ഗോകുലത്തിന്റെ ലീഡുയര്‍ത്തി രണ്ടാം ഗോളും നേടി. എന്നാല്‍ 33ാം മിനിറ്റില്‍ ഗോകുലത്തിന്റെ മനിസ പന്നെയുടെ സെല്‍ഫ് ഗോളില്‍ ക്രിഫ്‌സ ഒരുഗോള്‍ കടംവീട്ടി. ഒരു ഗോള്‍ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച ഗോകുലത്തെ ഞെട്ടിച്ച് 75-ാം മിനിറ്റില്‍ രത്തന്‍ബാല ക്രിഫ്സയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചു.

എന്നാല്‍ കളി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ടോളടി യന്ത്രമായ നേപ്പാള്‍ താരം സബിത്ര ബണ്ഡാരിയിലൂടെ വിജയഗോള്‍ നേടിയ ഗോകുലം കിരീടം ഉറപ്പിച്ചു. ഐ ലീഗിന്റെ വനിതാ പതിപ്പായ ദേശീയ വനിതാ ലീഗില്‍ കിരീടം നേടുന്ന ആദ്യ കേരളാ ടീമാണ് ഗോകുലം. സോമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മധുര സേതു എഫ്‌സിയെ 3-0ന് തോല്‍പ്പിച്ചാണ് ഗോകുലം ആദ്യമായി ഫൈനലിന് അര്‍ഹത നേടിയത്. കഴിഞ്ഞ വർഷം മണിപ്പുർ പൊലീസിനോട് ഗോകുലം സെമി ഫൈനലിൽ തോറ്റിരുന്നു.