നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ വീഴ്ത്തിയെത്തുന്ന റയല്‍ മാഡ്രിഡാണ് സെമിയില്‍ സിറ്റിയുടെ എതിരാളികള്‍. റയലിനെ നേരിടുമ്പോള്‍ യാവോ കാന്‍സലോ സിറ്റി നിരയിലുണ്ടാവില്ല.

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗ് (Champions League) സെമി ഫൈനലിന് ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് (Manchester City) തിരിച്ചടി. പരിക്കും സസ്‌പെന്‍ഷനുമാണ് സിറ്റിക്ക് വെല്ലുവിളിയാവുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ (Atletico Madrid) അതിശക്തമായ പ്രതിരോധക്കോട്ട മറികടന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലിലേക്ക് മുന്നേറിയത്. ഇരുപാദങ്ങളിലായി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ പിറന്നത് ഒറ്റഗോള്‍ മാത്രം. ഇത്തിഹാദില്‍ കെവിന്‍ ഡിബ്രൂയിന്‍ നേടിയ ഗോളാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റിക്ക് സെമി ബെര്‍ത്ത് ഉറപ്പിച്ചത്.

നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയെ വീഴ്ത്തിയെത്തുന്ന റയല്‍ മാഡ്രിഡാണ് സെമിയില്‍ സിറ്റിയുടെ എതിരാളികള്‍. റയലിനെ നേരിടുമ്പോള്‍ യാവോ കാന്‍സലോ സിറ്റി നിരയിലുണ്ടാവില്ല. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട കാന്‍സലോയ്ക്ക് വിലക്കായിക്കഴിഞ്ഞു. 

ഇതിനേക്കാള്‍ സിറ്റിയെ ആശങ്കയിലാഴ്ത്തുന്നത് കെവിന്‍ ഡിബ്രൂയിന്റെ പരിക്കാണ്. രണ്ടാംപാദ ക്വാര്‍ട്ടറില്‍ പരിക്കേറ്റ ഡിബ്രൂയിന്‍ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. ഡിബ്രൂയിനൊപ്പം പ്രതിരോധ നിരയിലെ ശക്തനായ കെയ്ല്‍ വാക്കറും പരിക്കേറ്റ മടങ്ങിയിരുന്നു. ഇരുവര്‍ക്കും റയലിനെതിരെ കളിക്കാനാവുമോയെന്ന് ഉറപ്പില്ല. 

ശനിയാഴ്ച എഫ് എ കപ്പ് സെമിയില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ ഇരുവരും കളിക്കില്ല. കഴിഞ്ഞയാഴ്ച സിറ്റിയും ലിവര്‍പൂളും ഏറ്റുമുട്ടിയപ്പോള്‍ രണ്ടുഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

ഈമാസം ഇരുപത്തിയാറിന് സിറ്റിയുടെ മൈതാനത്താണ് ആദ്യപാദ സെമിഫൈനല്‍. രണ്ടാംപാദം മെയ് നാലിന് സാന്റിയാഗോ ബെര്‍ണബ്യൂവിലും.