റോം: സീരി എയില്‍ മിലാന്‍ ടീമുകള്‍ക്കൊപ്പം നാപോളി, അറ്റ്‌ലാന്റ ടീമുകള്‍ക്കും ജയം. പാര്‍മയെ കടുത്ത പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്റര്‍ മിലാന്‍ മറികടന്നത്. എ സി മിലാന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോമയെ മറികടന്നു. സ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നാപോളി തോല്‍പ്പിച്ചത്. അറ്റ്‌ലാന്റയാവട്ടെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ ഉഡ്‌നീസിനെ മറികടന്നു.

പാര്‍മയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്റര്‍ ഗോള്‍ വഴങ്ങി. എന്നാല്‍ എന്നാല്‍ 84ാം മിനിറ്റില്‍ സ്റ്റഫന്‍ വിര്‍ജ് അവര്‍ക്ക് സമനില സമ്മാനിച്ചു. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം അലസാന്‍ഡ്രോ ബസ്റ്റോണി ഇന്ററിന് ജയവും നല്‍കി. റോമയ്‌ക്കെതിരെ എ സി മിലാന് വേണ്ടി ആന്ദ്ര റെബിച്ച് ആണ് മിലാനു ലീഡ് സമ്മാനിച്ചത്. പെനാല്‍റ്റിയിലൂടെ ഹകന്‍ മിലാന്റെ ജയം ഉറപ്പിച്ചു.

അതേസമയം ലീഗിലെ അവസാന സ്ഥാനക്കാര്‍ ആയ സ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നാപോളി മറികടന്നത്. ഡ്രീസ് മെര്‍ട്ടന്‍സ് നാപ്പോളിക്കു ലീഡ് നല്‍കി. ജോസ് കലേജോന്‍, അമിന്‍ യൂനെസ് എന്നിവരാണ് നാപോളിയുടെ ഗോളുകള്‍ നേടിയത്. ഉഡ്‌നീസിനെതിരെ ലൂയിസ് മരിയലിന്റെ രണ്ടും സപാറ്റയുടെ ഒരു ഗോളുമാണ് അറ്റലാന്റയ്ക്ക് ജയമൊരുക്കിയത്. കെവിന്‍ ലസാഗ്ന ഉഡ്‌നീസിന് വേണ്ടി ഇരട്ട ഗോള്‍ നേടി.