മ്യൂനിച്ച്: യൂറോപ്പ ലീഗല്‍ ഇന്‍ര്‍ മിലാന്‍- സെവിയ്യ ഫൈനല്‍. പുലര്‍ച്ചെ നടന്ന രണ്ടാം സെമിയില്‍ ഉക്രേനിയന്‍ ടീമായ ഷക്തര്‍ ഡൊണസ്‌കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്റര്‍ ഫൈനലിലെത്തിയത്. ലാതുറോ മാര്‍ട്ടിനെസ്, ലുകാകു എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇന്ററിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഡാനിലോ ആംബ്രോസിയോയാണ് മറ്റൊരു ഗോള്‍ നേടിയത്. 

മത്സരം ആരംഭിച്ച് 19ാം മിനിറ്റില്‍ ഇന്റര്‍ ലീഡെടുത്തു. നിക്കോളെ ബരേല്ലയുടെ അസിസ്റ്റില്‍ ഹെഡ് ചെയ്താണ് മാര്‍ട്ടിനെസ് ഇന്ററിന് ലീഡ് നല്‍കിയത്. ആദ്യ പകുതി മറ്റു ഗോളുകളൊന്നുമില്ലാതെ അവസാനിച്ചു. രണ്ടാം പകുതിയില്‍ ഇന്റര്‍ നിറഞ്ഞാടി. 64ാം മിനിറ്റില്‍ മാഴ്‌സലോ ബ്രോസോവിച്ചിന്റെ അസിസ്റ്റില്‍ ആംബ്രോസിയോ ഗോള്‍ നേടി. 

10 മിനിറ്റുകള്‍ക്ക് ശേഷം മാര്‍ട്ടിനെസ് വീണ്ടും ലീഡുയര്‍ത്തി. ലുകാകുവാണ് പാസ് നല്‍കിയത. 78ാം മിനിറ്റില്‍ നാലാം ഗോള്‍. ഇത്തവണ പാസ് നല്‍കിയത് മാര്‍ട്ടിനെസും ഗോള്‍ നേടിയത് ലുകാകുവും. 83ാം മിനിറ്റില്‍ ലുകാകു പട്ടിക പൂര്‍ത്തിയാക്കി. സ്റ്റെഫാന്‍ ഡി വ്രിജായിരുന്നു ഗോളിന് പിന്നില്‍. ഈ മാസം 22ന് പുലര്‍ച്ചെ 12.30നാണ് ഇന്റര്‍- സെവിയ്യ ഫൈനല്‍.