Asianet News MalayalamAsianet News Malayalam

ലോകകപ്പ് ഹീറോ എമി മാര്‍ട്ടിനസ് പുറത്ത്; 2022ലെ മികച്ച ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന് എതിരായ ഫൈനലിന്‍റെ ഇഞ്ചുറി സമയത്ത് അര്‍ജന്‍റീനയെ കാത്ത് എമി മാര്‍ട്ടിനസിന്‍റെ മിന്നും സേവുണ്ടായിരുന്നു

International Federation of Football History and Statistics Team of 2023 announced
Author
First Published Jan 14, 2023, 10:46 AM IST

ബൊന്‍: ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ 2022ലെ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പതിനൊന്ന് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. ലോകകപ്പിൽ ഗോൾഡന്‍ ഗ്ലൗ പുരസ്‌കാരം നേടിയ അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസ്, പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീലിന്‍റെ നെയ്‌മർ ജൂനിയർ എന്നിവർക്ക് ലോക ഇലവനിൽ ഇടംപിടിക്കാനായില്ല. 

റയൽ മാഡ്രിഡിന്‍റെ തിബോത് കോർത്വയാണ് ലോ ഇലവന്‍റെ ഗോൾകീപ്പർ. പിഎസ്‌ജിയുടെ അഷ്റഫ് ഹക്കീമി, ആർ ബി ലൈപ്സിഷിന്‍റെ ജോസ്കോ ഗ്വാർഡിയോൾ, ലിവർപൂളിന്‍റെ വിർജിൽ വാൻ ഡൈക്, ബയേൺ മ്യൂണിക്കിന്‍റെ അൽഫോൻസോ ഡേവീസ് എന്നിവരാണ് പ്രതിരോധത്തിൽ. റയൽ മാഡ്രിഡിന്‍റെ ലൂക്ക മോഡ്രിച്ച്, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയ്ൻ, പിഎസ്‌ജിയുടെ ലിയോണൽ മെസി എന്നിവർ മധ്യനിരയിൽ. പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എർലിംഗ് ഹാലൻഡ്, റയലിന്‍റെ കരീം ബെൻസേമ എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്. 

ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിന് എതിരായ ഫൈനലിന്‍റെ ഇഞ്ചുറി സമയത്ത് അര്‍ജന്‍റീനയെ കാത്ത് എമി മാര്‍ട്ടിനസിന്‍റെ മിന്നും സേവുണ്ടായിരുന്നു. എമി മാത്രം മുന്നില്‍ നില്‍ക്കെ ഫ്രഞ്ച് താരം കോളോ മുവാനിയുടെ നിലംപറ്റെയുള്ള ഷോട്ട് ഒരു മുഴുനീളെ സ്‌ട്രെച്ചിലൂടെ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തുകയായിരുന്നു. മത്സരം 3-3 എന്ന നിലയില്‍ നില്‍ക്കുന്നതിനിടെ അധികസമയത്തിന്‍റെ ഇഞ്ചുറിടൈമിലാണ് നൂറ്റാണ്ടിന്‍റെ സേവ് എന്ന് ആരാധകര്‍ വിളിക്കുന്ന ഈ രക്ഷപ്പെടുത്തല്‍ എമി നടത്തിയത്. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്‍റെ കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് തടുത്തിട്ടും എമി മാര്‍ട്ടിനസ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെ ലോകകപ്പിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം എമിയെ തേടിയെത്തിയിരുന്നു. 

ലോകകപ്പ് മെഡലുകള്‍ ഇരിക്കുന്ന വീടിന് ഒരു കാവല്‍ വേണം! മുന്തിയ ഇനം നായയെ സ്വന്തമാക്കി എമിലിയാനോ മാര്‍ട്ടിനെസ്

Follow Us:
Download App:
  • android
  • ios