ടെഹ്‌റാന്‍: ഇറാൻ ഫുട്ബോളിൽ പുതുയുഗപ്പിറവി. നാൽപത് വർഷത്തിന് ശേഷം ആദ്യമായി ഇറാനിൽ സ്‌ത്രീകൾ ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തി. 1979ന് ശേഷം ആദ്യമായാണ് ഇറാനിൽ ഫുട്ബോൾ ഗാലറിയിൽ സ്‌ത്രീകൾക്ക് പ്രവേശനം നൽകിയത്. ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംനേടിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കംബോഡിയക്കെതിരെ ഇറാന്‍ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് വിജയിച്ചു. 

എന്നാല്‍ കംബോഡിയയുടെ വലനിറച്ച ഇറാന്‍റെ പതിനാല് ഗോളുകളായിരുന്നില്ല ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. നാൽപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർപ്പുവിളികളുമായി ഗാലറിയിലെത്തിയ മൂവായിരത്തി അഞ്ഞൂറോളം സ്‌ത്രീകളായിരുന്നു. ഗാലറിയില്‍ സ്‌ത്രീകള്‍ ആവേശം നിറച്ചപ്പോള്‍ എതിരാളികളുടെ വല നിറഞ്ഞുകവിഞ്ഞൊഴുകി. വനിതാ ആരാധകര്‍ക്ക് ഉജ്ജ്വല വരവേല്‍പാണ് സ്റ്റേഡിയത്തില്‍ ലഭിച്ചത്. 

ഗാലറിയിൽ പ്രത്യേകം തിരിച്ച സ്ഥലത്തായിരുന്നു സ്‌ത്രീകളുടെ ഇരിപ്പിടം. കളി കാണാൻ വിലക്കുള്ളതിനാൽ വേഷംമാറി കളി കാണാനെത്തിയ സഹർ ഖുദൈരി എന്ന നീല ജഴ്‌സിക്കാരിയെ പൊലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. വിചാരണയ്‌ക്കായി കോടതിയിലെത്തിച്ച സഹർ അവിടെ വെച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രശ്നത്തിൽ ഫിഫ ഇടപെട്ടതോടെയാണ് സ്‌‌ത്രീകളുടെ നിയന്ത്രണം എടുത്തുകളയാൻ ഇറാനിയൻ സർക്കാർ തീരുമാനിച്ചത്.