ടെഹ്റാന്‍: ലോകം മുഴുവന്‍ ബ്ലൂ ഗേള്‍ എന്ന് വിളിച്ച ഫുട്ബോള്‍ ആരാധിക സഹര്‍ ഖൊദയാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഫുട്ബോള്‍ ആരാധകരുടെയും സഹറിനായി പ്രാര്‍ത്ഥിച്ച മുഴുവന്‍ ആളുകളുടെയും പ്രാര്‍ത്ഥന വിഫലമാക്കിയാണ് പൊള്ളലേറ്റ ശരീരത്തോട് മല്ലടിച്ച് സഹര്‍ യാത്രപറഞ്ഞത്. 

ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോള്‍ കാണാന്‍ ഇപ്പോള്‍ നിയമതടസ്സമില്ലെങ്കിലും സംഘാടകരും ആരാധകരും പലപ്പോഴും കളികാണാനെത്തുന്ന വനിതകളെ തടയാറുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും പുരുഷവേഷത്തിലാണ് ഇവര്‍ കളികാണാനെത്തുന്നത്. 

അന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ സഹറിനും ആണ്‍വേഷത്തില്‍ വേണ്ടിവന്നു കളികാണാനെത്താന്‍. അവളുടെ ഇഷ്ട ടീമായ ടെഹ്റാനിലെ എസ്തെക്കലിന്‍റെ മത്സരം നഷ്ടപ്പെടുത്താന്‍ അവള്‍ക്കാകുമായിരുന്നില്ല. നീലജാക്കറ്റ് ധരിച്ച് അവളെത്തി. എന്നാല്‍ പിടിക്കപ്പെട്ട സഹര്‍ അറസ്റ്റിലായി. 

മൂന്ന് ദിവസത്തെ ജയില്‍വാസം. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും വിചാരണകള്‍ നീണ്ടുപോയി. ആറ് മാസത്തിനുശേഷം കേസ് കോടതിയിലെത്തിയപ്പോളും പലകാരണങ്ങള്‍ പറഞ്ഞ് വിചാരണ വീണ്ടും നീട്ടിവച്ചു. കേസില്‍ കുറ്റക്കാരിയായി കണ്ടെത്തിയാല്‍ രണ്ട് വര്‍ഷംവരെ തടവുശിക്ഷ ലഭിച്ചേക്കാമെന്ന് അവളോട് ആരോ പറ‍ഞ്ഞിരുന്നുവെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിചാരണ വീണ്ടും നീട്ടിവച്ചുവെന്ന് അറിഞ്ഞതോടെ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ സഹര്‍ സ്വയം തീക്കൊളുത്തിയത്. ഗുരുതരപൊള്ളലേറ്റ് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു സഹര്‍. 

സഹറിന്‍റെ മരണത്തോടെ സ്ത്രീകളോടുള്ള ഇറാന്‍റെ നിലാപാടില്‍ മാറ്റം വരണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സഹറിന്‍റെ കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി ഫിഫ അറിയിച്ചു. ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ റോമ സഹറിനുവേണ്ടി രംഗത്തെത്തി. റോമ, മഞ്ഞയും ചുവപ്പുമാണ്. എന്നാല്‍ ഇന്ന് സഹറിനുവേണ്ടി ഞങ്ങളുടെ ഹൃദയത്തില്‍ നിന്ന് രക്തംപൊടിയുന്നുവെന്ന് അവര്‍ പറഞ്ഞു. 

''എല്ലാവരും ഒരുമിച്ചിരുന്ന് ഫുട്ബോള് കളി കാണേണ്ട സമയമായിരിക്കുന്നു. RIP #BlueGirl അവര്‍ കുറിച്ചു. അല്‍പ്പമെങ്കിലും തന്‍റേടമുണ്ടെങ്കില്‍ ഇറാനിലെ സ്ത്രീകള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് ഫിഫയോട് ഒരാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.