കൊച്ചി: ഐഎസ്എല്ലിലെ പുതിയ സീസണിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്തവണ യുഎഇയിൽ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് സന്നാഹമത്സരങ്ങൾ കളിക്കുക. ഷാർജയിൽ ആയിരിക്കും കൂടുതൽ മത്സരങ്ങൾ. 

സന്നാഹയാത്ര രണ്ടാഴ്ചയോളം നീണ്ടുനിൽക്കും. പുതിയ പരിശീലകന്‍ എൽകോ ഷെറ്റോറിക്കൊപ്പം ഈ സീസണിൽ ടീമിലെത്തിയ ഒഗ്‌ബചെ, ആർകസ്, തുടങ്ങിയവരും ക്യാമ്പിലെത്തും. കഴിഞ്ഞ സീസണുകളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി കളിച്ച ടിപി രഹനേഷിനെ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.

2015 സീസണില്‍ നാല് ക്ലീന്‍ ഷീറ്റുകള്‍ നേടി രഹനേഷ് ശ്രദ്ധനേടിയിരുന്നു. ഒഎന്‍ജിസി, മുംബൈ ടൈഗേര്‍സ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോങ് ലജോങ് ടീമുകള്‍ക്കായും രഹനേഷ് വല കാത്തിട്ടുണ്ട്. ഇന്ത്യന്‍ അണ്ടര്‍-23 ടീമിലും സീനിയര്‍ കുപ്പായത്തിലും കളിച്ചിട്ടുണ്ട്.