ബെംഗളൂരു: ഐഎസ്എല്ലില്‍ ശ്രീകണ്ഡീരവ സ്റ്റേഡിയം ബെംഗളൂരു എഫ്‌സിയുടെ ഹോം ഗ്രൗണ്ടായി തുടരും. അത്‌ലറ്റിക് രംഗത്തുനിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ബെംഗളൂരുവിന്‍റെ ഹോം വേദി പുണെ ബാലെവാഡി സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ശ്രമങ്ങളുണ്ടായിരുന്നു. 

ശ്രീകണ്ഡീരവ സ്റ്റേഡിയത്തെ ഹോം വേദിയായി നിലനിര്‍ത്താന്‍ അനുവദിച്ച കര്‍ണാടക സര്‍ക്കാരിനും കായിക വകുപ്പിനും അത്‌ലറ്റിക് ഫെഡറേഷനും ബെംഗളൂരു എഫ്‌സി ട്വിറ്ററിലൂടെ നന്ദിയറിച്ചു. ബെംഗളൂരുവിന്‍റെ മത്സരങ്ങള്‍ ശ്രീകണ്ഡീരവ സ്റ്റേഡിയത്തില്‍ നടത്താന്‍ കര്‍ണാടക കായിക വകുപ്പ് കഴിഞ്ഞ ആഴ്‌ച അനുമതി നല്‍കിയിരുന്നു.

ഒക്‌ടോബര്‍ 21ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ഐഎസ്‌എല്‍ ആറാം സീസണില്‍ ബെംഗളൂരു എഫ്‌സിയുടെ ആദ്യ മത്സരം. 2014 മുതല്‍ ബെംഗളൂരു എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് ശ്രീകണ്ഡീരവ സ്റ്റേഡിയം.