ബെംഗളൂരു: ഐഎസ്എല്ലില്‍ എട്ടാം ജയവുമായി ബെംഗളൂരു എഫ്‌സി പോയിന്‍റ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. ബെംഗളൂരുവില്‍ ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഛേത്രിയും സംഘവും തോല്‍പിച്ചത്. ഏഴാം മിനുറ്റില്‍ നിഷു കുമാറാണ് ബിഎഫ്‌സിയുടെ വിജയഗോള്‍ നേടിയത്. ആക്രമണത്തില്‍ മുന്നിട്ടുനിന്നെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ സ്വന്തം തട്ടകത്തില്‍ ബെംഗളൂരു എഫ്‌സിക്കായില്ല. 

15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബിഎഫ്‌സിക്ക് 28 പോയിന്‍റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 30 പോയിന്‍റുള്ള എഫ്‌സി ഗോവയാണ് പട്ടികയില്‍ മുന്നില്‍. 14 കളിയില്‍ 27 പോയിന്‍റുമായി ബിഎഫ്‌സിയുടെ തൊട്ടുപിന്നിലുണ്ട് എടികെ. പോയിന്‍റ് പട്ടികയില്‍ അവസാനസ്ഥാനക്കാരായ ഹൈദരാബാദിന് ആറ് പോയിന്‍റേയുള്ളൂ. സീസണില്‍ ഒരു ജയം മാത്രമാണ് അവരുടെ സമ്പാദ്യം. 

നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മുംബൈ ഫുട്ബോള്‍ അരീനയിലാണ് മത്സരം. ജയിച്ചാല്‍ മുംബൈ സിറ്റിക്ക് നാലാം സ്ഥാനത്തേക്കുയരാം. നിലവില്‍ 20 പോയിന്‍റാണ് മുംബൈയ്‌ക്കുള്ളത്.  11 പോയിന്‍റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റിന് ജയിച്ചാലും പ്രയോജനമില്ല. പതിനാല് മത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് 14 പോയിന്‍റുമായി എട്ടാംസ്ഥാനത്താണ്.