മഡ്‌ഗാവ്: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരെ ഗോള്‍മഴ തീര്‍ത്ത് എഫ്‌സി ഗോവ വീണ്ടും തലപ്പത്ത്. ഗോവയിലെ ഫത്തോഡ സ്റ്റേഡിയത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ഗോവയുടെ ജയം. പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റിക്ക് കാത്തിരിക്കണം.

ഗോവയില്‍ ആദ്യം മുന്നിലെത്തിയത് മുംബൈ സിറ്റിയാണെങ്കിലും പ്രയോജനമുണ്ടായില്ല. പതിനെട്ടാം മിനുറ്റില്‍ റൗളിന്‍ ബോര്‍ഗസിന്‍റെ വകയായിരുന്നു ഗോള്‍. എന്നാല്‍ ഫെരാന്‍ കോറോ(20), ഹ്യൂഗോ ബൗമസ്(37), ജാക്കിചന്ദ് സിംഗ്(39) എന്നിവര്‍ വലകുലുക്കിയതോടെ ഗോവ ആദ്യ പകുതി 3-1ന് സ്വന്തമാക്കി. 57-ാം മിനുറ്റില്‍ ബിപിന്‍ സിംഗിന്‍റെ ഗോളില്‍ മുംബൈ തിരിച്ചുവരവിന്‍റെ സൂചന നല്‍കി. എന്നാല്‍ 80-ാം മിനുറ്റില്‍ കോറോ വീണ്ടും ലക്ഷ്യം കണ്ടതും മുഹമ്മദ് റഫീഖ് 86-ാം മിനുറ്റില്‍ ഓണ്‍ ഗോള്‍ വഴങ്ങിയതും മുംബൈയുടെ കഥകഴിച്ചു. 

സീസണില്‍ മുംബൈക്കെതിരെ മിന്നും പ്രകടനമാണ് ഗോവ പുറത്തെടുത്തത്. നേരത്തെ മുംബൈയിൽ ഏറ്റുമുട്ടിയപ്പോൾ ഗോവ രണ്ടിനെതിരെ നാല് ഗോളിന് ജയിച്ചിരുന്നു. 

പോയിന്‍റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഗോവയ്‌ക്ക് 17 കളിയില്‍ 36 പോയിന്‍റാണുള്ളത്. രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എടികെയ്‌ക്ക് 16 മത്സരത്തില്‍ 33 പോയിന്‍റും. ഇത്രതന്നെ മത്സരങ്ങളില്‍ 29 പോയിന്‍റുമായി ബെംഗളൂരു എഫ്‌സിയാണ് മൂന്നാമത്. ഇന്ന് മുംബൈ തോറ്റതോടെ ബെംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചു. നാലാമതുള്ള മുംബൈ സിറ്റിയുടെ സമ്പാദ്യം 17 മത്സരത്തില്‍ 26 പോയിന്‍റാണ്. 15 കളിയില്‍ 25 പോയിന്‍റുള്ള ചെന്നൈയിന്‍ എഫ്‌‌സിയാണ് പ്ലേ ഓഫിനായുള്ള പോരാട്ടത്തില്‍ മുംബൈക്ക് വെല്ലുവിളി.