കൊച്ചി: ഐഎസ്‌എൽ ഉദ്ഘാടന മത്സരത്തിൽ എടികെയുടെ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ജോബി ജസ്റ്റിനും കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല. വിലക്ക് നേരിടുന്നതിനാലാണ് ഇരുതാരങ്ങൾക്കും ഉദ്ഘാടന മത്സരം നഷ്ടമാവുക. 

കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്നതിനിടെ ഉണ്ടായ പ്രശ്‌നത്തെ തുടർന്ന് ജോബിക്ക് ആറ് മത്സരങ്ങളിൽ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ മൂന്ന് കളി നഷ്ടമായ ജോബിക്ക് ഐഎസ്‌എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങൾ കളിക്കാനാവില്ല. അനസിന് സൂപ്പർ കപ്പിനിടെ കിട്ടിയ ചുവപ്പുകാർഡാണ് തിരിച്ചടിയായത്. ഒരു കളിയിൽ വിലക്കുള്ള അനസ് കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ താരമായിരുന്നു. 

കൊച്ചിയില്‍ ഞായറാഴ്‌ചയാണ് കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ ഉദ്ഘാടന മത്സരം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഗാലറി ടിക്കറ്റുകളെല്ലാം ഇതിനകം വിറ്റുതീര്‍ന്നിട്ടുണ്ട്. മുൻ വർഷത്തെ മോശം ഫോമിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കരകയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തുടർച്ചയായ മോശം പ്രകടനത്തിനൊടുവിൽ ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ആരാധകർ കൈവിട്ടിരുന്നു. എന്നാൽ ഇക്കുറി ഒഴിഞ്ഞ ഗാലറികൾ ഉണ്ടാകില്ലെന്നാണ് ടിക്കറ്റ് വിൽപ്പന സൂചിപ്പിക്കുന്നത്.