കൊച്ചി: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. രാത്രി ഏഴരയ്‌ക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. പതിനാല് കളിയിൽ 14 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാന മത്സരത്തോടെ അവസാനിച്ചിരുന്നു. 

പതിമൂന്ന് കളിയിൽ 18 പോയിന്റുള്ള ചെന്നൈയിൻ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താനാണ് ഇറങ്ങുന്നത്. ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റിരുന്നു. സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് കളിയിലേ ജയിക്കാനായിട്ടുള്ളൂ. ആറ് കളിയിൽ തോറ്റപ്പോൾ അഞ്ച് മത്സരം സമനിലയിൽ അവസാനിച്ചു.

ജയത്തോടെ മുംബൈ സിറ്റി നാലാമത്

ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ നിര്‍ണായക ജയവുമായി മുംബൈ സിറ്റി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. മുംബൈ ഫുട്ബോള്‍ അരീനയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. 44-ാം മിനുറ്റില്‍ ഡീഗോ കാര്‍ലോസാണ് വിജയഗോള്‍ നേടിയത്. 

പതിനഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ സിറ്റിക്ക് 23 പോയിന്‍റുണ്ട്. 13 കളിയില്‍ വെറും 11 പോയിന്‍റുമായി ഒന്‍പതാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. മുപ്പത് പോയിന്‍റുള്ള എഫ്‌സി ഗോവയാണ് സീസണില്‍ മുന്നില്‍. 28 പോയിന്‍റുമായി ബെംഗലൂരു എഫ്‌സിയും 27 പോയിന്‍റുമായി എടികെയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.