മുംബൈ: ഐഎസ്എല്‍ പോര് മുറുകിയിരിക്കേ നിര്‍ണായക ജയവുമായി മുംബൈ സിറ്റി എഫ്‌സി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ജെംഷഡ്‌പൂര്‍ എഫ്‌സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ നാലാമതുള്ള മുംബൈക്ക് മികച്ച ലീഡ് നേടാനായി. 

എഴാം മിനുറ്റില്‍ പിന്നിലായ ശേഷം ഇരട്ട ഗോളുമായി തിരിച്ചെത്തിയാണ് മുംബൈ സിറ്റിയുടെ ജയം. രണ്ടുഗോളുകളും പിറന്നത് രണ്ടാം പകുതിയില്‍. എഴാം മിനുറ്റില്‍ അക്കോസ്റ്റയുടെ പെനാല്‍റ്റി ഗോളിലൂടെയായിരുന്നു ജെംഷഡ്പൂര്‍ മുന്നിലെത്തിയത്. എന്നാല്‍ 60-ാം മിനുറ്റില്‍ ചെര്‍മിതിയുടെ ഗോളില്‍ മുംബൈ സമനില പിടിച്ചു. ഇഞ്ചുറിടൈമില്‍(90+2) ബിദ്യാനന്ദ സിംഗിലൂടെ മുംബൈ ജയമുറപ്പിക്കുകയായിരുന്നു. 

സീസണിലെ ഏഴാം ജയം സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്‌സി 16 കളിയില്‍ 26 പോയിന്‍റുമായാണ് നാലാം സ്ഥാനത്തുനില്‍ക്കുന്നത്. 14 കളിയില്‍ 21 പോയിന്‍റുമായി ചെന്നൈയിന്‍ എഫ്‌സിയും 15 കളിയില്‍ 21 പോയിന്‍റുമായി ഒഡീഷ എഫ്‌സിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 16 കളിയില്‍ 33 പോയിന്‍റുള്ള എഫ്‌സി ഗോവയാണ് ഒന്നാംസ്ഥാനത്ത്. 15 വീതം മത്സരങ്ങളില്‍ 30 പോയിന്‍റുള്ള എടികെയും 28 പോയിന്‍റുള്ള ബെംഗളൂരു എഫ്‌സിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.