ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്ന് അവസാനസ്ഥാനക്കാരുടെ പോരാട്ടം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടും. ഗുവാഹത്തിയിൽ രാത്രി 7.30നാണ് മത്സരം. നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാമതും ഹൈദരാബാദ് അവസാനസ്ഥാനത്തുമാണ്. 13 പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റിന് ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയിൽ ജംഷഡ്പൂരിനെയും കേരള ബ്ലാസ്റ്റേഴ്‌സിനെയും പിന്തള്ളാം.

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റ് മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. അതിനുശേഷമുളള 12 മത്സരത്തിലും നോര്‍ത്ത് ഈസ്റ്റിന് ജയിക്കാനായിട്ടില്ല. ഹൈദരാബാദിന് സീസണിലെ അവസാന മത്സരമാണ്. ഏഴ് പോയിന്‍റ് മാത്രമുള്ള ഹൈദരാബാദിന് ഇന്നും തോറ്റാൽ വലിയ നാണക്കേടാണ് കാത്തിരിക്കുന്നത്.

ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കുറ‍ഞ്ഞ പോയിന്‍റ് നേടിയ ടീമെന്ന നാണക്കേട് ഹൈദരാബാദ് നേരിടേണ്ടിവരും. കഴിഞ്ഞ സീസണിൽ ഒന്‍പത് പോയിന്‍റ് മാത്രം നേടിയ ചെന്നൈയിന്‍ എഫ് സിയാണ് ഐഎസ്എൽ ചരിത്രത്തില്‍ ഒരു സീസണിൽ ഏറ്റവും കുറവ് പോയിന്‍റ് നേടിയ ടീം. 

ഗോവയുടെ ഗോള്‍മഴ; എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത

ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്‌സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് എഫ്‌സി ഗോവ ഗ്രൂപ്പ് ജേതാക്കളായി. ഹ്യൂഗോ ഇരട്ടഗോള്‍ നേടിപ്പോള്‍ കോറോ, ജാക്കീചന്ദ്, ഫോള്‍ എന്നിവര്‍ ഒരു ഗോള്‍ വീതം നേടി. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തിന് നേരിട്ടുയോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ ടീമെന്ന അംഗീകാരം ഗോവ സ്വന്തമാക്കി. ഒരു ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ ഗോള്‍ നേടുന്ന ടീമെന്ന സ്വന്തം റെക്കോര്‍ഡും ഗോവ തിരുത്തി. 18 മത്സരങ്ങളില്‍ 46 ഗോളാണ് ഗോവ ഇതുവരെ നേടിയത്.