കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ റോയ് കൃഷ്‌ണയുടെ ഹാട്രിക്കില്‍ തകര്‍പ്പന്‍ ജയവുമായി എടികെ വീണ്ടും തലപ്പത്ത്. സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒഡീഷ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ക്കുകയായിരുന്നു എടികെ. എഫ്‌സി ഗോവയെ മറികടന്നാണ് എടികെ ഒന്നാംസ്ഥാനത്തെത്തിയത്.  

സാള്‍ട്ട് ലേക്കില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാംപകുതിയില്‍ 49, 60, 63 മിനുറ്റുകളില്‍ വലകുലുക്കി റോയ് കൃഷ്‌ണ ഹാട്രിക് ആഘോഷമാക്കുകയായിരുന്നു. എന്നാല്‍ ഒഡീഷയുടെ മറുപടി 67-ാം മിനുറ്റില്‍ മാനുവലില്‍ ഒതുങ്ങി. സീസണില്‍ 16 മത്സരങ്ങളില്‍ എടികെയുടെ പത്താം ജയമാണിത്. 10 ജയം തന്നെയാണെങ്കിലും ഗോള്‍ശരാശരിയില്‍ പിന്നിലായ എഫ്‌സി ഗോവയാണ് രണ്ടാംസ്ഥാനത്ത്.  

പതിനഞ്ച് മത്സരങ്ങളില്‍ എട്ട് ജയവും 28 പോയിന്‍റുമുള്ള ബെംഗളൂരു എഫ്‌സിയാണ് മൂന്നാംസ്ഥാനത്ത്. തോറ്റ ഒഡീഷ 21 പോയിന്‍റുമായി ആറാംസ്ഥാനത്ത് തുടരുന്നു. ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ ബെംഗളൂരു എഫ്‌സി നേരിടും. ചെന്നൈയിലാണ് മത്സരം.